500 ദിവസം; ബിജെപിക്ക് ഭരണം പോയത് അഞ്ച് സംസ്ഥാനങ്ങളിൽ

0
214

ന്യൂഡല്‍ഹി: (www.mediavisionnews.in) ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം തിളക്കമുള്ളതായിരുന്നെങ്കിലും അതിനു തൊട്ടു മുൻപും ശേഷവും നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ഒട്ടും ആശ്വാസം നൽകുന്നതല്ല. പാർട്ടിക്ക് നല്ല വേരുള്ള സംസ്ഥാനങ്ങൾ തൊട്ട് ആദ്യമായി മുഖ്യമന്ത്രി പദം അലങ്കരിച്ച സംസ്ഥാനം വരെ നഷ്ടത്തിന്റെ പട്ടികയിൽ വരും. ഏതാണ്ട് അഞ്ഞൂറിൽ താഴെ ദിവസത്തിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടത് ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ്. ഇതിൽ അഞ്ചിടത്ത് ഭരണം പോയി. അധികാരം നിലനിർത്തിയ ഹരിയാനയിലാകട്ടെ തനിച്ച് ഭൂരിപക്ഷവും നഷ്ടപ്പെട്ടു.

മധ്യപ്രദേശ്- രാജസ്ഥാൻ- ഛത്തിസ്ഗഢ്

2018 നവംബറിൽ ആയിരുന്നു മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബറിൽ ഫലം പ്രഖ്യാപിച്ചു. ഇതിൽ മധ്യപ്രദേശും ഛത്തിസ്ഗഡും പതിനഞ്ചു വർഷം തുടർച്ചയായി ബിജെപി ഭരിച്ച സംസ്ഥാനങ്ങൾ. മൂന്നിടത്തും ബിജെപിയെ കൈവിടുന്നതായിരുന്നു ജനവിധി. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാരുകൾ അധികാരത്തിലേറി. മധ്യപ്രദേശിൽ കമൽനാഥും, രാജസ്ഥാനിൽ അശോക് ഗെലോട്ടും, ഛത്തിസ്ഗഡിൽ ഭൂപേഷ് ബഘേലും മുഖ്യമന്ത്രിമാരായി

മഹാരാഷ്ട്ര, ഹരിയാന

ലോക്സഭാ തെരഞ്ഞടുപ്പിൽ വലിയ വിജയം നേടി അഞ്ചു മാസത്തിനുള്ളിലായിരുന്നു മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പു നടന്നത്. ബിജെപിയും സഖ്യകക്ഷിയായ ശിവസേനയും ചേർന്ന് കേവല ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ശിവസേന സഖ്യം ഉപേക്ഷിച്ചു. എൻസിപി നേതാവ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാൻ സാധിക്കാതെ മൂന്ന് ദിവസത്തിനുള്ളിൽ രാജിവെക്കേണ്ടിവന്നു. നവംബർ 28 മുതൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന എൻസിപി കോൺഗ്രസ് സഖ്യമാണ് മഹാരാഷ്ട്രയിൽ ഭരണം. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ഹരിയാനയിൽ എതിർചേരിയിൽ മത്സരിച്ച ജനനായക് ജനത പാർട്ടിയുമായി ചേർന്നാണ് ഭരണം ഉറപ്പിച്ചത്.

ജാർഖണ്ഡ്ഇക്കഴിഞ്ഞ ഡിസംബറിൽ വോട്ടെണ്ണിയ ജാർഖണ്ഡിലും ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടായി. ഭരണം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല അഞ്ചു വർഷം ഭരിച്ച മുഖ്യമന്ത്രി രഘുബർ ദാസ് സിറ്റിംഗ് സീറ്റിൽ പരാജയപ്പെടുകയും ചെയ്തു. ജെഎംഎം കോൺഗ്രസ്, ആർജെഡി എന്നീ കക്ഷികൾ ഉൾപ്പെടുന്ന മഹാസഖ്യമാണ് ഇപ്പോൾ ജാർഖണ്ഡ് ഭരിക്കുന്നത്.

ഡൽഹി

ഡൽഹിയിലാകട്ടെ ആശ്വസിക്കാൻ പോലും ആകാതെ വീണ്ടും തകർന്നടിഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് ശതമാനം കൂടിയെങ്കിലും ഏഴു സീറ്റും നേടിയ ലോക്സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യം നിയമസഭയിൽ പൂർണമായി മാറിയത് വലിയ വെല്ലുവിളിയായാണ് നേതൃത്വം കണക്കാക്കുന്നത്. ഷീല ദിക്ഷിതിന്റെ പ്രതാപ കാലമായ 2003, 2008 തെരഞ്ഞെടുപ്പുകളിൽ പോലും ബിജെപിക്ക് ഇരുപതോ അതിന് മുകളിലോ സീറ്റുകൾ നേടാനായിരുന്നുവെന്നതും പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കും. ഒപ്പം തലസ്ഥാന ഭരണം കയ്യൊഴിഞ്ഞിട്ട് 22 വർഷം ആകുന്നു എന്നും.

LEAVE A REPLY

Please enter your comment!
Please enter your name here