കൊല്ലം: (www.mediavisionnews.in) സ്കൂൾ, കോളജ് വിദ്യാർഥികൾക്കു വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 50 പാക്കറ്റ് കഞ്ചാവുമായി വിദ്യാർഥി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ചടയമംഗലം പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. നീറായിക്കോട് ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. നീറായിക്കോട് വാഴവിള മേലതിൽ ജിബിൻ പി. വർഗീസ് (20), കീഴാറ്റൂർ എഎ ഹൗസിൽ അഖിൽകുമാർ (21), കാസർകോട് ഉപ്പള വെള്ളൂർ മൻസിലിൽ മുഹമ്മദ് ബുർഹാൻ (23) എന്നിവരാണു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മംഗലപുരത്തുള്ള മൊത്ത വ്യാപാരികളിൽ നിന്നും വാങ്ങുന്ന കഞ്ചാവ് ബുർഹാനാണ് ആയൂരിൽ എത്തിക്കുന്നത്. ഇതിനു ശേഷം ഇതു ചെറുപൊതികളാക്കി ജിബിൻ, അഖിൽകുമാർ എന്നിവർ ചേർന്നാണു വിദ്യാർഥികൾക്കു വിതരണം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. പതിനായിരം രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് 25,000 മുതൽ 30,000 രൂപയ്ക്കാണു വിൽപന നടത്തിയിരുന്നത്. ചെറു പൊതിക്ക് ഡിമാൻഡ് അനുസരിച്ചു 400 മുതൽ 600 രൂപ ഈടാക്കിയിരുന്നതായും പറയുന്നു.
ബുർഹാൻ ആയൂരിലുള്ള ഹോട്ടലിലെ ജീവനക്കാരനാണ്. ഇയാൾക്കു താമസിക്കുന്നതിനു വേണ്ടിയാണ് നീറായിക്കോട് ഭാഗത്ത് വീട് വാടകയ്ക്കു എടുത്തു നൽകിയത്. ജിബിൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ എക്സ്റേ ടെക്‌നീഷ്യൻ ട്രെയിനിയായി ജോലി ചെയ്യുകയാണ്. നീറായിക്കോട് ഭാഗത്തെ വാടക വീട്ടിൽ രാത്രി കാലങ്ങളിൽ മുന്തിയ ബൈക്കുകളിൽ വിദ്യാർഥികൾ സ്ഥിരമായി വന്നു പോകുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് വീടും പരിസരവും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.