40 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന് രാജ്യം വിടാന്‍ ശ്രമിച്ച വിദേശികള്‍ ദുബായില്‍ കുടുങ്ങിയത് മണിക്കൂറുകള്‍ക്കകം

0
228

ദുബായ്: (www.mediavisionnews.in) യുഎഇയെ ഞെട്ടിച്ച മോഷണക്കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കം അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. 40 കോടിയോളം രൂപ വലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച അഞ്ചംഗം സംഘത്തിന് മോഷണ മുതല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് പൊലീസിന്റെ പിടിവീണു. മുഴുവന്‍ തൊണ്ടിസാധനങ്ങളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

തെളിവുകളൊന്നും അവശേഷിപ്പിക്കാതെ അതിവിദഗ്ധമായി മോഷ്ടാക്കള്‍ ആസൂത്രണം ചെയ്ത പദ്ധതികളാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കം പൊലീസ് പൊളിച്ചത്. എമിറേറ്റ്സ് ഹില്‍സില്‍ താമസിക്കുന്ന ഒരു യൂറോപ്യന്‍ നിക്ഷേപകന്റെ വസതിയിലാണ് മോഷണം നടന്നത്. തന്റെ ഭാര്യ രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ വീട്ടിലെ ലോക്കറുകള്‍ തുറന്നിട്ടിരിക്കുന്നത് കണ്ടുവെന്നാണ് ഇയാള്‍ പൊലീസിനെ വിളിച്ചറിയിച്ചത്. പരിശോധിച്ചപ്പോള്‍ 40 കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങളും വിലയേറിയ വാച്ചുകളും മോഷണം പോയതായി തിരിച്ചറിഞ്ഞു.

മോഷണത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നുവെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി പറഞ്ഞു. മോഷണം നടത്തിയത് പ്രൊഫഷണല്‍ സംഘമായിരുന്നതിനാല്‍ തന്നെ സ്ഥലത്ത് ഒരു തെളിവും അവര്‍ അവശേഷിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ ഒരാളിലേക്ക് സംശയമുന നീണ്ടു. നേരത്തെയും മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ഇയാളെ കണ്ടെത്താനായി അടുത്ത നീക്കം.

സംശയമുള്ള ഒരാളെ കണ്ടെത്തിയശേഷം പിന്നാലെ ഇയാളുടെ സുഹൃത്തുക്കളിലേക്കും പൊലീസിന്റെ അന്വേഷണമെത്തി. മോഷണ മുതല്‍ വില്‍ക്കാന്‍ ശ്രമം നടത്തുകയായിരുന്നു സംഘമപ്പോള്‍. ആഭരണങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ചുമതലപ്പെടുത്തിയിരുന്ന ഒരു സ്ത്രീയും ഇവരുടെ സംഘത്തിലുണ്ടായിരുന്നു. ഇവരുടെ ഒളിസങ്കേതം റെയ്ഡ് നടത്തിയ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു. സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ ഇവര്‍ എത്രയും വേഗം രാജ്യം വിടാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും അതിനോടകം തന്നെ പൊലീസിന്റെ പിടിവീഴുകയായിരുന്നു.

വിലയേറിയ ആഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നെങ്കിലും ആവശ്യമായ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാതിരുന്നതാണ് മോഷണത്തിന്റെ പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു. എത്ര മുന്നറിയിപ്പുകള്‍ നല്‍കിയാലും ചിലര്‍ അതൊന്നും പാലിക്കില്ലെന്ന് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. വിലയേറിയ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നവര്‍ അതിന് ആവശ്യമായ അധിക സുരക്ഷാ ക്രമീകരണങ്ങള്‍ കൂടി ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടും പ്രതികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി അഭിനന്ദിച്ചു.

അന്വേഷണം സംബന്ധിച്ച് ദുബായ് പൊലീസ് പുറത്തുവിട്ട വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here