3000 ടൺ സ്വർണം കണ്ടെത്തിയിട്ടില്ല! വിശദീകരണവുമായി ജിയോളജിക്കൽ സർവേ

0
228

ദില്ലി: (www.mediavisionnews.in) ഉത്തർപ്രദേശിലെ സോൺഭദ്രയിൽ വൻ സ്വർണ്ണ ശേഖരം കണ്ടെത്തിയെന്ന വാർത്ത തള്ളി ജിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. 3000 ടൺ സ്വർണ്ണ ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ജിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യയുടേതല്ലെന്നാണ് വിശദീകരണം വന്നിരിക്കുന്നത്. അത്തരത്തിൽ ഒരു കണ്ടെത്തലും ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയിട്ടില്ലെന്നും യു പി മൈനിംഗ് വകുപ്പാണ് റിപ്പോർട്ട് നൽകിയതെന്നും ജിഎസ്ഐ വിശദീകരിക്കുന്നു.

160 കിലോ സ്വർണ്ണ ശേഖരം മാത്രമാണ് ജിഎസ്ഐ ഇതുവരെ കണ്ടെത്തിയതെന്നും ഇതിൽ വ്യക്തത വരുത്താൻ സംസ്ഥാന മൈനിംഗ് വകുപ്പുമായി ചേർന്ന് വാർത്ത സമ്മേളനം നടത്തുമെന്നും അധികൃത‌ർ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയില്‍ 3000 ടണ്‍ സ്വര്‍ണ നിക്ഷേപം ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന തരത്തിലായിരുന്നു വാ‌ർത്തകൾ പ്രചരിച്ചത്. സോന്‍ പഹാഡി, ഹാര്‍ദി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതെന്നായിരുന്നു വാർത്ത. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയും, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമടക്കം ഈ വാർത്ത നൽകിയിരുന്നു.

വാർത്ത വ്യാപകമായി പ്രചരിക്കുകയും മറ്റ് ദേശീയ മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

12 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വർണമാണിത് എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ഇന്ത്യയുടെ സ്വർണനിക്ഷേപത്തിന്‍റെ ഏതാണ്ട് അഞ്ചിരട്ടി വരും ഇത്.

1992- 93 കാലഘട്ടത്തിൽ സോൻഭദ്ര മേഖലയിൽ സ്വർണഖനനം തുടങ്ങിയതാണ്. ഇരുപത്തിയെട്ട് വർഷത്തിന് ശേഷമാണ് ഇവിടെ സ്വർണശേഖരം കണ്ടെത്തുന്നത്.

ഇന്ത്യയുടെ സ്വർണശേഖരം നിലവിൽ 626 ടൺ ആണെന്നാണ് ലോകസ്വർണ കൗൺസിലിന്‍റെ കണക്ക്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്, ഏതാണ്ട് 3000 ടൺ വരുമെന്നായിരുന്നു പ്രചാരണം. എന്നാലിത് തെറ്റെന്നാണ് ഇപ്പോൾ ജിയോളജിക്കൽ സർവേ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here