3 വർഷം മുൻപ് മോഷണം പോയ കാർ തൊട്ടുമുന്നില്‍; കണ്‍മുന്നില്‍ സ്വന്തം കാര്‍ കിടന്നിട്ടും ഒന്നു തൊടാന്‍ പോലുമാകാതെ ഉടമ, സിനിമാക്കഥയെ വെല്ലുന്ന അനുഭവം

0
262

കാസർകോട്: (www.mediavisionnews.in) 3 വർഷം മുൻപ് മോഷണം പോയ കാർ അപ്രതീക്ഷിതമായി മുന്നിലെത്തുക. എന്നിട്ടും കാർ സ്വന്തമാക്കാനാവാതെ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരിക. പള്ളിക്കര ഹദ്ദാദ് നഗർ സ്വദേശി മുസ്തഫയുടെതാണ് സിനിമാക്കഥയെ വെല്ലുന്ന അനുഭവം.

2017 ജനുവരിയിൽ സുഹൃത്തിന്റെ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ വിട്ടുകൊടുത്തതാണ് മുസ്തഫ ചെയ്ത ‘തെറ്റ്’. കെഎൽ 60 5227 റജിസ്ട്രേഷനുള്ള കാറുമായി സുഹൃത്ത് കടന്നു കളഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിലെടുത്തു റിമാൻഡ് ചെയ്തെങ്കിലും വാഹനം കണ്ടെത്താനായില്ല. ആർടി ഓഫിസിൽ തിരക്കിയെങ്കിലും തന്റെ പേരിലെ റജിസ്ട്രേഷൻ മാറ്റിയിട്ടില്ലെന്നു കണ്ടു.

വണ്ടി കിട്ടാതായതോടെ മുസ്തഫ ഡിജിപിക്കും മുഖ്യമന്ത്രിക്കും വരെ പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ ഹൊസ്ദുർഗ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. കോടതി ബേക്കൽ പൊലീസിനു നോട്ടിസ് അയച്ചു. കാർ കണ്ടെത്താനായില്ലെന്നും അന്വേഷണം തുടരുന്നുവെന്നും പൊലീസ് കോടതിയിൽ മറുപടി നൽകിയതോടെ കോടതി നടപടിയും അവസാനിച്ചു.

ഇനിയാണ് ട്വിസ്റ്റ്

കഴിഞ്ഞ മാസം കാഞ്ഞങ്ങാട്ടെ കാർ സർവീസ് സെന്ററിൽ നിന്ന് മുസ്തഫയെത്തേടി ഒരു ഫോൺകോൾ എത്തി. താങ്കളുടെ കാർ സർവീസ് ചെയ്യാൻ സമയമായി, കൊണ്ടുവരുന്നില്ലേ എന്നതായിരുന്നു ചോദ്യം. തന്റെ കാർ മോഷ്ടിക്കപ്പെട്ടതാണെന്നു മുസ്തഫ മറുപടി നൽകി. അതോടെ സർവീസ് സെന്ററുകാർ, കാര്‍ എവിടെയെങ്കിലും സർവീസിനെത്തിച്ചിരുന്നോ എന്നു പരിശോധിച്ചു. ഒന്നര വർഷം മുൻപ് സർവീസിനായി കണ്ണൂരില്‍ എത്തിച്ചിരുന്നതായി വിവരം ലഭിച്ചു. എങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാഞ്ഞതോടെ നിരാശനായി.

എന്നാൽ, ഈ സംഭവത്തിനു രണ്ടു ദിവസങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി കാർ മുസ്തഫയുടെ മുന്നിലെത്തി. പരിയാരത്തേക്കു പോകാൻ ബസിൽ യാത്ര ചെയ്യവേ ഇരിക്കൂറിൽ വച്ച് തന്റെ മോഷ്ടിക്കപ്പെട്ട കാർ ആരോ ഓടിച്ചുകൊണ്ടു പോകുന്നതായി കാണുകയായിരുന്നു. ഉടൻ തന്നെ ബസിൽ നിന്നു മുസ്തഫ ഇറങ്ങിയെങ്കിലും കാറിനടുത്തെത്താൻ സാധിച്ചില്ല. തുടർന്നു കാഞ്ഞങ്ങാട് ആർടി ഓഫിസിൽ ചെന്ന് വിവരം അറിയിച്ചു. രേഖകൾ പരിശോധിച്ചപ്പോൾ വണ്ടിയുടെ ആർസി ബുക്ക് ഒരു വർഷത്തിനിടെ 2 തവണ മാറിയതായി കണ്ടു.

മോഷ്ടിച്ചയാൾ വണ്ടി ആദ്യം കണ്ണൂർ സ്വദേശിക്കും പിന്നീട് ഇരിക്കൂർ ബ്ലാത്തൂർ സ്വദേശിക്കും വിറ്റിരുന്നു. ഇരിക്കൂർ സ്വദേശിയുടെ പേരിലാണ് ഇപ്പോൾ വണ്ടി. ഇരിക്കൂർ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് ബേക്കൽ പൊലീസിനു കൈമാറി. കോടതി നടപടികൾ പൂർത്തിയാക്കിയാൽ മുസ്തഫയ്ക്കു കാർ തിരികെ കിട്ടും.

ആർസി ബുക്ക് സൂക്ഷിക്കുക

മുസ്തഫയുടെ കാർ സുഹൃത്തിനു കൈമാറുമ്പോൾ ആർസി ബുക്കിന്റെ ഒറിജിനലും വാഹനത്തിലുണ്ടായിരുന്നു. ഇതും മുസ്തഫയുടെ വ്യാജ ഒപ്പും ഉപയോഗിച്ച് മോട്ടർ വാഹന വകുപ്പിൽ വ്യാജ അപേക്ഷ നൽകിയാണ് മോഷ്ടാവ് കാറിന്റെ ആർസി ബുക്കിലെ വിലാസം മാറ്റിയത്.

ഇപ്പോൾ മോട്ടർ വാഹന വകുപ്പിന്റെ ‘വാഹന്‍’ ആപ്ലിക്കേഷൻ ഉള്ളതിനാൽ ഉടമസ്ഥൻ അറിയാതെ ആർസി ബുക്ക് വിലാസം മാറ്റാനാവില്ല. ഉടമസ്ഥന്റെ മൊബൈലിലേക്കു വരുന്ന വൺ ടൈം പാസ്‌വേഡ് ഇതിനായി നൽകേണ്ടതുണ്ട്. എങ്കിലും വിദഗ്ധരായ തട്ടിപ്പുകാരാണെങ്കിൽ ഇതും സാധിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here