ഉപ്പള: (www.mediavisionnews.in) 23 വർഷം മുമ്പ് ഉപ്പള ബപ്പായിത്തൊട്ടിയിൽ നിന്നു കാണാതായ സ്ത്രീയെ കൊല്ലത്തു നിന്നു കണ്ടെത്തി. ബപ്പായിത്തൊട്ടി മമ്മിഞ്ഞിയുടെ മകൾ സുഹറ എന്ന സൗറാബിയെയാണു രണ്ടു പതിറ്റാണ്ടിനു ശേഷം ഉറ്റവർക്കു തിരിച്ചുകിട്ടിയത്. നേരിയ മാനസിക വെല്ലുവിളി നേരിട്ടിരുന്ന സുഹറ, ഉമ്മ ആയിശയോടൊപ്പം മഞ്ചേശ്വരത്തെ ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് ബസ് യാത്രയ്ക്കിടെ കാണാതായത്.
ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്വേഷിച്ചങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മഞ്ചേശ്വരം പൊലീസിൽ പരാതിയും നൽകി. ആയിശയ്ക്ക് ഒരു മകളും മകനുമാണ് ഉണ്ടായിരുന്നത്. മകളെ നഷ്ടപ്പെട്ട വേദനയോടെ പ്രാർത്ഥനയിൽ കഴിഞ്ഞിരുന്ന ഉമ്മ വർഷങ്ങൾക്കുമുൻപ് മരിച്ചു. രണ്ട് ദിവസം മുൻപ് പഞ്ചായത്തംഗം അബ്ദുൽ റസാക്കിന് സോഷ്യൽ മീഡിയ വഴി ലഭിച്ച സന്ദേശമാണ് സൗറാബിയുടെ തിരിച്ചുവരവിന് ഇടയാക്കിയത്.
ഉപ്പള സ്വദേശിയായ ഒരു സ്ത്രീ കൊല്ലം മുണ്ടക്കൽ അഗതിമന്ദിരത്തിൽ ഉണ്ടെന്നും അവർ കുടുംബത്തെ കാണാൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു സന്ദേശം. അന്വേഷിച്ചപ്പോൾ ഉപ്പളയിലെ സ്വന്തം വാർഡിൽ തന്നെ സ്ത്രീയെ കാണാതായിട്ടുണ്ടെന്ന് അറിഞ്ഞു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ അബ്ദുൽ റസാക്ക് സുഹറയുടെ സഹോദരൻ മഹമൂദിനെയും കുട്ടി കഴിഞ്ഞ ദിവസം കൊല്ലം മുണ്ടക്കൽ അഗതി മന്ദിരത്തിലെത്തി ആളെ തിരിച്ചറിഞ്ഞു.
രേഖകളും മറ്റും അഗതിമന്ദിരത്തിലേ നടത്തിപ്പുകാരെ കാണിച്ചു ബോധിപ്പിച്ചു. 23 വർഷം മുൻപ് കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കണ്ടുമുട്ടിയ സുഹറയെ അഗതിമന്ദിരത്തിലെ ജീവനക്കാരിയായ നൂർജഹാൻ മന്ദിരത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. 28 വയസ്സായിരുന്നു കണാതാകുമ്പോൾ. ഇപ്പോൾ 52. സുഹറയെ കണ്ട് കൊല്ലത്തു നിന്ന് ബന്ധുക്കൾ നാട്ടിലേക്കു തിരിച്ചു. പത്തു ദിവസത്തിനകം സുഹറയും നാട്ടിലെത്തും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.