ന്യൂഡല്‍ഹി : (www.mediavisionnews.in) 1951ന് മുമ്പ് അസമിലുള്ളവര്‍ക്ക് മാത്രം പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ നല്‍കണമെന്ന ആഭ്യന്തരമന്ത്രാലയം ഉന്നതാധികാര സമിതിയുടെ വിവാദ ശുപാര്‍ശയ്‌ക്കെതിരേ പ്രതിഷേധം ശക്തം. 1985ലെ അസംകരാറിന്റെ അടിസ്ഥാനത്തില്‍ 1971 മാര്‍ച്ച് 24 ആണ് പൗരത്വപ്പട്ടികയുടെ അടിസ്ഥാന തിയ്യതിയായി നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസം പൗരത്വപ്പട്ടിക തയ്യാറാക്കിയതും. എന്നാല്‍ 1951ന് മുമ്പ് അസമിലുള്ളവര്‍ക്ക് മാത്രം പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു പോലും പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ ഇല്ലാതാവും.
1951ന് മുമ്പ് അസമില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ പറ്റാത്ത എല്ലാവരെയും ഇത് ബാധിക്കില്ല. മുസ്്‌ലിംകളെ മാത്രമേ ബാധിക്കൂ. ബാക്കിയുള്ളവര്‍ക്ക് പൗരത്വനിയമഭേദഗതിയുണ്ട്. പൗരത്വപ്പട്ടിക തയ്യാറാക്കുമ്പോള്‍ മുസ്്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്ക് രണ്ടു കട്ടോഫ് ഡേറ്റ് വേണമെന്നത് ബി.ജെ.പിയുടെ ആവശ്യമായിരുന്നു. ഹിന്ദുക്കള്‍ക്ക് 1971 ഉം മുസ്്‌ലിംകള്‍ക്ക് 1951 ഉം. ഈ ആവശ്യം സുപ്രിംകോടതി സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇത് മറ്റ് രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇത് നടപ്പായാല്‍ പൗരന്‍മാരെന്ന നിലയിലുള്ള അവകാശങ്ങള്‍ക്ക് മുസ്്‌ലിംകള്‍ക്ക് 1951 ഉം ഹിന്ദുക്കള്‍ക്ക് പൗരത്വഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള 2014 ഡിസംബര്‍ 31ഉം ആയിരിക്കും തിയ്യതി.
നിലവില്‍ അസമിലെ മുസ്്‌ലിംകളെ രണ്ടായി തിരിക്കുന്ന സര്‍വ്വേ നടത്താനുള്ള നടപടികള്‍ അസം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അസംപൗരത്വപ്പട്ടികയുടെ മാതൃകയില്‍ അസമീസ് ഭാഷ സംസാരിക്കുന്ന മുസ്്‌ലിംകളെയും ബംഗാളി സംസാരിക്കുന്ന മുസ്്‌ലിംകളെയും രണ്ടായി തിരിക്കുന്ന സര്‍വ്വേയാണ് നടത്തുന്നത്. ഇതിനായി അപേക്ഷ സ്വീകരിക്കുന്ന നടപടികള്‍ ആരംഭിക്കാന്‍ അസം സര്‍ക്കാര്‍ നടപടി തുടങ്ങി. ആദ്യഘട്ട അപേക്ഷകള്‍ സ്വീകരിച്ച ശേഷം വൈകാതെ കരട് പ്രസിദ്ധീകരിക്കാനും പിന്നാലെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുമാണ് നീക്കം. അസം പൗരത്വപ്പട്ടികയില്‍ നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്. ഇതില്‍ എട്ടുലക്ഷത്തോളം പേര്‍ ബംഗാളി സംസാരിക്കുന്ന അസം മുസ്്‌ലിംകളാണ്.
അസംപൗരത്വപ്പട്ടികയില്‍ നിന്ന് 50 ലക്ഷം ബംഗാളി സംസാരിക്കുന്ന മുസ്്‌ലിംകളെങ്കിലും പുറത്തുപോകേണ്ടതാണെന്നും അവരെല്ലാം ബംഗ്ലാദേശികളാണെന്നുമുള്ള നിലപാടാണ് ബി.ജെ.പിയുടേത്. രാജ്യമൊന്നാകെ വീണ്ടും പൗരത്വപ്പട്ടിക വരുമ്പോള്‍ കൂടുതല്‍ മുസ്്‌ലിംകളെ പൗരന്‍മാരല്ലാതാക്കാനുള്ള നീക്കമാണെന്ന് മുസ്്‌ലിംകളെ രണ്ടായി തിരിച്ചുള്ള സര്‍വ്വേയെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ അസമിലെ 3.12 കോടി ജനങ്ങളില്‍ 34 ശതമാനമാണ് മുസ്്‌ലിംകള്‍. ഇതില്‍ നാലു ശതമാനമാണ് ഗോറിയ, മോറിയ, ദേശി, ജോലാഹ് എന്നീ ആദിമനിവാസി വിഭാഗത്തില്‍പ്പെട്ട അസമീസ് സംസാരിക്കുന്ന മുസ്്‌ലിംകളുള്ളത്. ഇവരെ കണ്ടെത്താനാണ് സര്‍വ്വേയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ബാക്കിയുള്ളവരെല്ലാം ബ്രിട്ടീഷ് കാലത്തും അതിനു മുമ്പും കുടിയേറിയ ബംഗാളി സംസാരിക്കുന്നവരോ അവരുടെ പിന്‍മുറക്കാരായ അസമി ഭാഷ സംസാരിക്കുന്നവരോ ആയ മുസ്്‌ലിംകളാണ്. സര്‍വ്വേക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുള്‍പ്പടെയുള്ള സംഘടനകളാണ് ഇത്തരത്തില്‍ സര്‍വ്വേ വേണമെന്ന ആവശ്യമുയര്‍ത്തിയത്. ആദിമനിവാസികളെ കണ്ടെത്താനെന്ന പേരിലായിരുന്നു ആദ്യം സര്‍വ്വേ നടത്താന്‍ തീരുമാനിച്ചതെങ്കിലും പിന്നീട് ആ പേര് ഒഴിവാക്കിയിട്ടുണ്ട്.
പകരം ഗോറിയ, മോറിയ, ദേശി, ജോലാഹ് എന്നീ പേരുകള്‍ പ്രത്യേകം എടുത്തു പറഞ്ഞാണ് സര്‍വ്വേ നടത്തുന്നത്. ബംഗ്ലാദേശി മുസ്്‌ലിംകള്‍ സര്‍വ്വേ പട്ടികയില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കുമെന്നതിനാലാണ് അതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ബംഗാളി സംസാരിക്കുന്ന മുസ്്‌ലിംകള്‍ക്കെതിരേ വ്യാപകമായ വംശീയ കലാപങ്ങള്‍ അരങ്ങേറാറുള്ള അസമില്‍ സര്‍വ്വേ വംശീയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് നിരവധി പേര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പള്ളികള്‍ വഴിയും സര്‍വ്വേ പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.