പനാജി: (www.mediavisionnews.in) ഹിന്ദു സമുദായം എന്നാൽ ഭാരതീയ ജനതാ പാർട്ടി എന്നല്ല അർത്ഥമാക്കുന്നതെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഗോവയിൽ ‘വിശ്വഗുരു ഭാരത്- ആർ.എസ്.എസ് കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രതിയോഗികൾ ബിജെപിയെ എതിർക്കുന്നത് ഹിന്ദുവിനെ എതിർക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പോരാട്ടങ്ങൾ തുടരും പക്ഷേ അത് ഹിന്ദുവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും സുരേഷ് ഭയ്യാജി ജോഷി വ്യക്തമാക്കി.
ഹിന്ദുവിൽനിന്ന് ഇന്ത്യയെ വിഭജിക്കാൻ ഒരിക്കലും സാധിക്കില്ലെന്ന് സുരേഷ് ഭയ്യാജി ജോഷി ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കുവേണ്ടി പ്രവർത്തിക്കാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ അവർ ഹിന്ദുവിന് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാകണം. ഇന്ത്യ ഇപ്പോഴും ജീവിക്കുന്നുവെങ്കിൽ അതിന് കാരണം ഹൈന്ദവരാണ്. ഹിന്ദുക്കൾക്കും ഹിന്ദു സമുദായത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്താനും അവരിൽ അവബോധം സൃഷ്ടിക്കാനും സാധിക്കുമെന്ന് ഭയ്യാജി ജോഷി ചൂണ്ടിക്കാട്ടി.
നിരവധി അടിച്ചമർത്തലുകൾക്ക് വിധേയമായ രാജ്യമാണ് ഇന്ത്യയെന്നും, അതൊരിക്കലും ഇല്ലാതാകില്ലെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. എപ്പോഴും ഉയിർത്തെഴുന്നേറ്റ ചരിത്രമാണ് ഇന്ത്യയ്ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ നിത്യതയിൽ തന്നെ നിലനിൽക്കും. ആ അർത്ഥത്തിൽ ഹിന്ദു ഒരിക്കലും അവസാനിക്കില്ലെന്നും സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.