ന്യൂദല്‍ഹി: (www.mediavisionnews.in) “വിയോജിപ്പുകളെ അടിച്ചമർത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നത്” ജനാധിപത്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിഷേധം അക്രമാസക്തമാകുന്നില്ലെങ്കിൽ അത് തടയാൻ സർക്കാരിന് അവകാശമില്ലെന്നും സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത പറഞ്ഞു.
സർക്കാരുകൾ എല്ലായ്പ്പോഴും ശരിയായിക്കൊള്ളണം എന്നില്ലെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. “ഭൂരിപക്ഷവാദം ജനാധിപത്യം എന്നതിന് എതിരായുള്ളതാണ്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം വിമതരെ “ദേശവിരുദ്ധൻ” എന്ന് മുദ്രകുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.
വിവാദപരമായ പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റർ, പൗരന്മാരുടെ ദേശീയ രജിസ്റ്റർ എന്നിവയ്‌ക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഈ പരാമർശം.
“നമ്മൾ വിയോജിപ്പുകളെ അടിച്ചൊതുക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്താൽ അത് ജനാധിപത്യത്തെ മോശമായി സ്വാധീനിക്കുന്നു. സർക്കാർ എല്ലായ്പ്പോഴും ശരിയല്ല. നാമെല്ലാവരും തെറ്റുകൾ വരുത്തുന്നു. പ്രതിഷേധം അക്രമാസക്തമാകുന്നില്ലെങ്കിൽ അത് തടയാൻ സർക്കാരിന് അവകാശമില്ല,” ഡൽഹിയിൽ വിയോജിപ്പും ജനാധിപത്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിനിടെ ജസ്റ്റിസ് ഗുപ്ത പറഞ്ഞു.
“ചില പാർട്ടികൾക്ക് 51% വോട്ടുകൾ ലഭിക്കുകയാണെങ്കിൽ, അതിനർത്ഥം മറ്റ് 49% പേർ 5 വർഷത്തേക്ക് സംസാരിക്കരുത് എന്നാണോ … ജനാധിപത്യത്തിൽ ഓരോ പൗരനും പങ്കുവഹിക്കാനുണ്ട് … സർക്കാരുകൾ എല്ലായ്പ്പോഴും ശരിയല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
വിരുദ്ധമായ വീക്ഷണം പുലർത്തുന്നത് രാജ്യത്തോടുള്ള അനാദരവല്ലെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ആശയങ്ങളുടെ ഏറ്റുമുട്ടൽ ഉണ്ടാകുമ്പോഴെല്ലാം വിയോജിപ്പുണ്ടാകുമെന്നും ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ അന്തർലീനമായ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ന് രാജ്യത്ത്, വിയോജിപ്പിനെ ദേശവിരുദ്ധമായി കാണുന്നു. സർക്കാരും രാജ്യവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ചില വിഷയങ്ങൾ ദേശവിരുദ്ധമായതിനാൽ ഹാജരാവിലെന്ന് ബാർ അസോസിയേഷനുകൾ പ്രമേയങ്ങൾ പാസാക്കുന്നത് ഞാൻ കാണുന്നു. ഇത് സ്വീകാര്യമായ നടപടിയല്ല. നിങ്ങൾക്ക് നിയമപരമായ സഹായം നിഷേധിക്കാൻ കഴിയില്ല , “അദ്ദേഹം പറഞ്ഞു.
നിയമങ്ങളെ ചോദ്യം ചെയ്യാതെ ഒരു സമൂഹവും വികസിക്കില്ലെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു.
“എല്ലാവരും കടന്നുപോയ പാത തന്നെ പിന്തുടരുകയാണെങ്കിൽ മനസ്സിന് വികാസം ഉണ്ടാകില്ല. ഗാന്ധി, മാർക്സ്, മുഹമ്മദ് എന്നിവരെ എടുക്കുക, എല്ലാവരും പഴയ ചിന്തകളെ വെല്ലുവിളിച്ചു,” അദ്ദേഹം പറഞ്ഞു.