സ്വര്‍ണവില ‘മാന്ത്രിക സംഖ്യ’യില്‍, ഉച്ചയോടെ റെക്കോര്‍ഡ് തകര്‍ത്ത് മഞ്ഞലോഹത്തിന്‍റെ മുന്നേറ്റം

0
192

തിരുവനന്തപുരം:  (www.mediavisionnews.in)  ഉച്ചയോടെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 65 രൂപയാണ് ഉയര്‍ന്നത്. പവന് 520 രൂപയും വര്‍ധിച്ചു. ഗ്രാമിന് 4,000 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.

ഒരു പവന്‍ സ്വര്‍ണത്തിന് 32,000 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന് 3,935 രൂപയും പവന് 31,480 രൂപയുമായിരുന്നു നിരക്ക്. ഇന്ന് രാവിലെ സ്വര്‍ണ വില ഗ്രാമിന് 3,975 രൂപയും പവന് 31,800 രൂപയുമായിരുന്നു. എന്നാല്‍, ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് മുന്നേറുകയായിരുന്നു.

ആഗോളവിപണിയില്‍ സ്വർണവില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,685 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.

സ്വർണം വില പ്രതിരോധം തകർത്ത് മുന്നേറി അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് 1680 ഡോളര്‍ വരെ എത്തുകയും പിന്നീട് തിരിച്ച് 1662 ഡോളറിലേക്ക് താഴുകയുമായിരുന്നു. എന്നാല്‍, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ വീണ്ടും സ്വര്‍ണ നിരക്ക് 1,685 ലേക്ക് കുതിച്ചുകയറി. ഇതോടെ സംസ്ഥാനത്തും സ്വര്‍ണ നിരക്കില്‍ വന്‍ മുന്നേറ്റം ഉണ്ടായി. കൊറോണയെ തുടർന്നുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ തന്നെയാണ് അന്താരാഷ്ട്ര വില ഉയരാനുളള കാരണം. സ്വർണം അടുത്ത് തന്നെ 1,700 ഡോളര്‍ കടക്കുമെന്നുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ നാളെയും സ്വര്‍ണ നിരക്ക് വര്‍ധനയ്ക്ക് സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here