കോഴിക്കോട് (www.mediavisionnews.in) : സ്വര്‍ണക്കടത്തിന്റെ കേന്ദ്രമായി കരിപ്പൂര്‍ വിമാനത്താവളം ദിവസേന മാറിക്കൊണ്ടിരിക്കുമ്പോള്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ കരിപ്പൂരില്‍നിന്ന് കസ്റ്റംസ് പിടികൂടിയത് 115 കോടിയിലധികം രൂപയുടെ സ്വര്‍ണം. കൃത്യമായ കണക്ക് പറഞ്ഞാല്‍ 115,7504634 രൂപയുടെ സ്വര്‍ണം കടത്തുന്നതിനിടെ പിടിച്ചു.
2017 ജനുവരി മുതല്‍ 2019 നവംബര്‍ വരേയുള്ള കണക്കാണിത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന ഈ കണക്ക് പിടികൂടിയവയുടേത് മാത്രമാണ്. പിടിക്കപ്പെടാത്തവ ഇതിന് പുറമെയാണ്. മലയാളിയുടെ സ്വര്‍ണ ഭ്രമത്തെ നല്ല രീതീയില്‍ ഉപയോഗിക്കുന്ന കള്ളക്കടത്ത് ലോബി പല രൂപത്തിലും ഭാവത്തിലും വിദഗ്ധമായി സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം പറ്റിച്ചുകൊണ്ട് വിപണിയിലേക്ക് സ്വര്‍ണത്തെ ഇപ്പോഴും എത്തിക്കുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ പോലും സമ്മതിക്കുന്നുണ്ട്.
2017 മുതല്‍ 2019 നവംബര്‍ വരെയുള്ള കാലയളവിലെ സ്വര്‍ണക്കടത്തിനെ കിലോ കണക്ക് വെച്ച് നോക്കുമ്പോള്‍ ഏകദേശം 316 കിലോയോളമാണ് കടത്തിക്കൊണ്ടുവന്നത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്വര്‍ണക്കടത്തിന്റെ കേന്ദ്രം കൂടിയായി മാറുമ്പോള്‍ കള്ളക്കടത്തിനപ്പുറം വലിയൊരു ഗുണ്ടാവിളയാട്ട സങ്കേതം കൂടിയായി മാറിയിരിക്കുന്നുവെന്നതാണ് സമീപകമാല സംഭവ വികാസങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഒന്നോ രണ്ടോ കിലോവരെ അനധികൃത സ്വര്‍ണം പിടിച്ചാല്‍ കോടതിയില്‍ പോലും ഹാജരാക്കേണ്ട ആവശ്യമില്ലാതെ ഓഫീസര്‍മാര്‍ക്ക് തന്നെ ജാമ്യം നല്‍കാനുള്ള നിയമത്തിലെ പഴുതില്‍ പിടിച്ചാണ് പലരും സ്വര്‍ണം കടത്തുന്നത്. അതുകൊണ്ടു തന്നെ പിടിക്കപ്പെട്ടാലും പ്രശ്നമില്ല എന്ന ചിന്താഗതിയോടെയാണ് കാരിയര്‍മാര്‍ സ്വര്‍ണവുമായി വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിന് പുറമെ പ്രത്യേകം തയ്യാറാക്കിയ അടിവസ്ത്രത്തില്‍ ശേഖരിച്ച് പോലും സ്വര്‍ണമെത്തിക്കുന്നു. സ്ത്രീകളെയടക്കം ഇങ്ങനെ ഉപയോഗിക്കുന്നതിനാല്‍ ദേഹപരിശോധന പോലും പലപ്പോഴും സാധ്യമാകാത്ത അവസ്ഥയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് പഴകിയ സ്വര്‍ണക്കടത്ത് വഴി. വിദേശത്ത് നിന്ന് വിമാനത്താവളത്തിലെ സ്‌കാനിംഗ് സംവിധാനത്തെ പോലും വെല്ലുന്ന തരത്തിലുള്ള പരിശോധന സ്വര്‍ണക്കടത്തുകാര്‍ തന്നെ പരീക്ഷിച്ചെത്തുന്നതിനാല്‍ പിടിക്കപ്പെടുന്നത് വളരെ കുറച്ചാണെന്നും ചൂണ്ടിക്കാട്ടുന്നു ഉദ്യോഗസ്ഥര്‍. ഇതിനുപുറമെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായവും കടുത്തുകാര്‍ക്ക് ലഭിക്കുന്നു.
സ്വര്‍ണം കടത്തണ്ട, പകരം തട്ടിക്കൊണ്ടു പോവാം
സ്വര്‍ണക്കടത്തുകാരെ പിടികൂടാന്‍ രഹസ്യമായി സഹായിച്ചാല്‍ വലിയ പാരിതോഷികമാണ് കസ്റ്റംസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു കിലോ സ്വര്‍ണം പിടിച്ച് കൊടുത്താല്‍ ഒന്നരക്ഷം രൂപ വരെയാണ് സമ്മാനം ലഭിക്കുക. ഇത് സ്വര്‍ണക്കടത്തുകാര്‍ക്ക് തിരിച്ചടിയാവുന്നതിനാല്‍ റിസ്‌ക്കെടുക്കാതെ സ്വര്‍ണം കൈക്കലാക്കുന്ന പുതിയ പരിപാടിയാണ് കരിപ്പൂരിലും പരിസര പ്രദേശത്തും അരങ്ങേറുന്നത്. കടത്തുകാരെ തിരിച്ചറിഞ്ഞ് തട്ടിക്കൊണ്ട് പോയി സ്വര്‍ണം കവരുക. തുടര്‍ന്ന് വിജനമായ സ്ഥലത്ത് മര്‍ദിച്ച് അവശരാക്കി ഉപേക്ഷിക്കുക. ചിലരെ പ്രകൃതിവിരുദ്ധ പീഢനത്തിന് വരെ ഗുണ്ടാ സംഘങ്ങള്‍ ഇരയാക്കുന്നു. മാനഹാനി ഭയന്ന് പുറത്ത് പറയുന്നില്ലെന്നും കേസാവുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടാഴ്ചമുമ്പ് കരിപ്പൂരില്‍ ഇറങ്ങി കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് പേരെ ആളുമാറി തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണ് ഇത്തരം സംഭവങ്ങളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത അവസാന കേസ്. ഇതുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി പോലീസിന്റെ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.