കൊച്ചി (www.mediavisionnews.in) :സ്മാര്‍ട്ട്‌ഫോണിന്റേയും കമ്പ്യൂട്ടറിന്റേയും ഉപയോഗം കൂടിയതോടെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും പുതുതായി തലപൊക്കുന്നുണ്ട്. അതിലൊന്നാണ് ടെക്സ്റ്റ് നെക്ക്. സ്മാര്‍ട്ട്‌ഫോണിലും മറ്റും നോക്കുന്നതിനായി തുടര്‍ച്ചയായി തല കുനിച്ചിരിക്കുന്നവര്‍ക്കാണ് ഈ രോഗം വില്ലനാവുന്നത്.
ടെക്സ്റ്റ് നെക്കിന്റെ ലക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. ടെക്‌സ്റ്റ് നെക്ക് വരുന്നവര്‍ക്ക് കഴുത്തിനു വേദനയും നീര്‍ക്കെട്ടും ഉണ്ടാകും. ചുമലിലെ പേശികള്‍ക്കു വലിച്ചില്‍ അനുഭവപ്പെടാം. ചുമലിലെ അസ്ഥികള്‍ക്കു തേയ്മാനവും നടുവേദനയും ചിലരില്‍ കാണാറുണ്ട്. ശക്തിയായ തലവേദനയും വിട്ടുമാറാത്ത കൈവേദനയും ടെക്സ്റ്റ് നെകിന്റെ ലക്ഷണങ്ങളായി കരുതാറുണ്ട്.
ചില മുന്‍കരുതലുകള്‍ ടെക്സ്റ്റ് നെക്കില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കും. ഇരിപ്പും സ്മാര്‍ട്ട്‌ഫോണുകളിലേക്കും ലാപ്‌ടോപുകളിലേക്കുമുള്ള നോട്ടവുമെല്ലാം കൃത്യമാക്കുകയാണ് അതിന്റെ ആദ്യപടി. നട്ടെല്ലും തലയും നേര്‍രേഖയില്‍ വരുന്നവിധം വേണം ഇരിക്കാന്‍. കഴുത്ത് ഓരോ ഇഞ്ച് വളയുന്തോറും തലയില്‍ അഞ്ചു കിലോ അധികഭാരം വയ്ക്കുന്നത്ര ആയാസമാണു ശരീരത്തിനുണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഡെസ്‌ക് ടോപ്പുകള്‍ ഉപയോഗിക്കുന്നവരില്‍ താരതമ്യേന ഈ രോഗം കുറവാണ്. കമ്പ്യൂട്ടറിനെക്കാള്‍ ഉയരം ഇരിപ്പിടത്തിനുണ്ടായാല്‍ ഇത് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാനാകും. കമ്പ്യൂട്ടറിനെക്കാള്‍ 30 മുതല്‍ 40 ഡിഗ്രി വരെ ഉയരത്തിലാകണം ഉപയോഗിക്കുന്നയാളുടെ ഇരിപ്പിടം ക്രമീകരിക്കേണ്ടത്. അതേസമയം ലാപ്‌ടോപ്പ്, നോട്ബുക്ക് എന്നിവ അശാസ്ത്രീയമായ രീതിയില്‍ വച്ച് ഉപയോഗിക്കുന്നവരാണ് പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്.