നിസാമബാദ് (www.mediavisionnews.in):വിവാഹഘോഷയാത്രയിലെ സംഗീതത്തിന്റെ ശബ്ദം പരിധി വിട്ടതോടെ തളര്‍ന്നുവീണ വരന് ദാരുണാന്ത്യം. തെലങ്കാനയിലെ നിസാമബാദില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എം ഗണേഷ് എന്ന യുവാവാണ് വിവാഹദിവസം മരിച്ചത്. ഉയര്‍ന്ന ശബ്ദത്തിലെ ഡിജെ സംഗീതം ഏറെ നേരം കേട്ട ഗണേഷ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് പറഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരണ കാരണം ഹൃദയാഘാതമാണെന്നാണ് സൂചന.
നിസാമബാദിലെ ഭോധന്‍ എന്ന സ്ഥലത്ത് വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു ഗണേഷിന്റെ വിവാഹം. വൈകുന്നേരം വിവാഹ ഘോഷയാത്രയ്ക്കിടയില്‍ ദമ്പതികള്‍ നൃത്തം ചെയ്തിരുന്നു. ബന്ധുക്കള്‍ കൂടി നൃത്തം വയ്ക്കാന്‍ തുടങ്ങിയതോടെ ഡിജെയുടെ ശബ്ദം വര്‍ധിപ്പിച്ചിരുന്നു. ദേഹാസ്വസ്ഥ്യം നേരിട്ട ഗണേഷ് കാറില്‍ പോയിരുന്നു. അല്‍പ സമയത്തിന് ശേഷം ഗണേഷ് വീണ്ടും ബന്ധുക്കള്‍ക്കൊപ്പം തിരികെയെത്തി നൃത്തം വയ്ക്കാന്‍ തുടങ്ങുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ ഗണേഷ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.