ന്യൂദല്‍ഹി(www.mediavisionnews.in):വിദേശത്തെ സമ്പാദ്യത്തിന് ഇന്ത്യയില്‍ നികുതി ഈടാക്കാനല്ല ബജറ്റില്‍ പുതിയ നിര്‍ദ്ദേശം ഉള്‍ക്കൊള്ളിച്ചത് എന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പടെ ഗള്‍ഫില്‍ ജോലിചെയ്യുന്നവരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്. നികുതി ഈടാക്കാത്ത രാജ്യങ്ങളിലെ വരുമാനം ഉപയോഗിച്ച് ഇന്ത്യയില്‍ നേടുന്ന സമ്പാദ്യത്തിനാണ് പുതിയ നികുതി നിര്‍ദ്ദേശമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
ഇന്ത്യയില്‍ ആദായ നികുതി നല്‍കാതിരിക്കാനായി മാത്രം വിദേശ ഇന്ത്യക്കാരന്‍ എന്ന പദവി നിലനിര്‍ത്തുന്നവരെയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് ഒടുവില്‍ വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തില്‍ 120 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങുന്നവര്‍ക്ക് വിദേശ ഇന്ത്യക്കാരന്‍ എന്ന പദവി നഷ്ടമാകുമെന്നാണ് പുതിയ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമാന്‍ വ്യക്തമാക്കിയത്.
നിലവില്‍ ഒരു വര്‍ഷമായിരുന്നു ഈ കാലാവധി. ഇതോടെ വിദേശരാജ്യങ്ങളിലെ റസിഡന്റ് വിസ ഉപയോഗിച്ച് ഇന്ത്യയില്‍ തങ്ങി ബിസിനസ് നടത്തുകയും വരുമാനത്തിന് നികുതി നല്‍കാതിരിക്കുകയും ചെയ്യുന്നവരാണ് വെട്ടിലാകുന്നത്. നാല് വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്ന 2014 മുതല്‍ പാസ്‌പോര്‍ട്ട് പരിശോധനയിലൂടെ ഇത്തരക്കാരെ നികുതി വലയില്‍ കൊണ്ടുവരാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
അതേസമയം ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ നിയമം ബാധകമായേക്കില്ലെന്നാണ് പുതിയ വിശദീകരണം വ്യക്തമാക്കുന്നത്. നേരത്തെ തന്നെ ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഇരട്ടു നികുതി ഒഴിവാക്കല്‍ കരാറില്‍ ഒപ്പുവെച്ചതു കൊണ്ട് പുതിയ ഭേദഗതി അല്ലെങ്കിലും ബാധകമാവില്ലെന്നും ചില കേന്ദ്രങ്ങള്‍ വിശദീകരണം നല്‍കുന്നുണ്ട്. എന്തായാലും വിദേശത്തെ വരുമാനത്തിന്റെ ആദായ നികുതി ഇന്ത്യയില്‍ എത്തുന്നതിനേക്കാളേറെ വിദേശ നിക്ഷേപകരെ അകറ്റി നിര്‍ത്താനാനാണ് ബജറ്റിലെ പ്രഖ്യാപനം വഴിയൊരുക്കുകയെന്ന തിരിച്ചറിവാണ് കേന്ദ്രത്തിന്റെ പുതിയ നിലപാടിന്റെ പിന്നിലെന്നാണ് സൂചന.