ഇസ്‍ലാമബാദ് (www.mediavisionnews.in) :വാതുവയ്പ് വിവാദത്തിൽ കുറ്റസമ്മതം നടത്തിയ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന് 17 മാസം തടവുശിക്ഷ. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ബാറ്റ്സ്മാനായിരുന്ന നസീർ ജാംഷഡിനാണ് വാതുവയ്പു കേസിൽ ജയില്‍ശിക്ഷ ലഭിച്ചത്.
ബ്രിട്ടിഷ് പൗരന്മാരും ക്രിക്കറ്റ് താരങ്ങളുമായ യൂസഫ് അൻവർ, മുഹമ്മദ് ഇജാസ് എന്നിവര്‍ക്കും ഒത്തുകളിയിൽ പങ്കുള്ളതായും നസീർ വെളിപ്പെടുത്തിയിരുന്നു.
നാഷനല്‍ ക്രൈം ഏജൻസി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ക്രിക്കറ്റ് താരങ്ങളെ കുറ്റക്കാരായി കണ്ടെത്തിയത്. യൂസഫ് അൻവറിന് 40 മാസവും മുഹമ്മദ് ഇജാസിന് 30 മാസവുമാണ് ശിക്ഷ. 2018 ഓഗസ്റ്റിൽ വാതുവയ്പു വിവാദത്തെ തുടർന്ന് നസീർ ജാംഷഡിനെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പത്തുവർഷത്തേക്കു വിലക്കിയിരുന്നു. പാക്കിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട വാതുവയ്പ് വിവാദത്തിൽ താരം ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ കേസിൽ വാദം തുടരുന്നതിനിടെ കുറ്റം സമ്മതിക്കുകയായിരുന്നു.
പാക്കിസ്ഥാൻ സൂപ്പർ ലീഗ് താരങ്ങൾക്കു പണം വാഗ്ദാനം ചെയ്തതായി യൂസഫ് അന്‍വറും മുഹമ്മദ് ഇജാസും കഴിഞ്ഞ ദിവസം സമ്മതിച്ചു. വാതുവയ്പ് സംഘാംഗമായി അഭിനയിച്ചു രഹസ്യമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇവർക്കെതിരായ തെളിവുകൾ പുറത്തുകൊണ്ടുവന്നതായി അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ തെളിവുകൾ പ്രകാരം 2016ന് ശേഷം നടന്ന ബംഗ്ലദേശ് പ്രീമിയർ ലീഗിലും ഒത്തുകളി നടന്നതായി കണ്ടെത്തി. ഒരു ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ റൺ സ്കോർ ചെയ്യാതിരിക്കണമെന്നതായിരുന്നു ബംഗ്ലദേശിലും പാക്കിസ്ഥാനിലും ക്രിക്കറ്റ് ലീഗുകളിൽ വാതുവയ്പുകാർ ഉണ്ടാക്കിയ കരാർ.
പാക്കിസ്ഥാൻ ദേശീയ ടീമിനു വേണ്ടി ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ജാംഷഡ്. ഏകദിനത്തിൽ 48 മത്സരങ്ങളിൽനിന്ന് മൂന്ന് സെഞ്ചുറികളുൾപ്പെടെ 1418 റൺസ് നേടിയിട്ടുണ്ട്. ട്വന്റി20യിൽ 18–ഉം ടെസ്റ്റിൽ രണ്ടും മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.