ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹിന്‍ബാഗില്‍ തുടരുന്ന സമരം സമാധാനപരമെന്ന് സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥന്‍ സത്യവാങ്മൂലം നല്‍കി. മുന്‍ വിവരാവകാശ ഉദ്യോഗസ്ഥന്‍ വജാഹത്ത് ഹബീബുള്ളയാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
പ്രദേശത്തെക്കുള്ള അഞ്ചിടങ്ങളില്‍ റോഡ് തടസപ്പെടുത്തിയിരിക്കുന്നത് ദല്‍ഹി പൊലീസാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും. രണ്ടു മാസം പിന്നിട്ട ഷഹീന്‍ബാഗിലെ സമരവേദി മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു.
മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡേ, സാധന രാമചന്ദ്രന്‍,എന്നിവരെയാണ് മധ്യസ്ഥ ചര്‍ച്ചക്ക് ഹബീബുള്ളയെ കൂടാതെ സുപ്രീം കോടതി നിയോഗിച്ചിരുന്നത്.
സമരക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം സുപ്രീം കോടതി തള്ളിയിരുന്നു. രണ്ട് മാസം പിന്നിട്ടിട്ടും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ മുന്‍കൈ എടുക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചിരുന്നു.
ജനാധിപത്യസമരങ്ങളെ അംഗീകരിക്കുന്നതായും അതേസമയം വഴിയടച്ച് എത്രനാള്‍ നിങ്ങള്‍ സമരം ചെയ്യുമെന്നുമായിരുന്നു സുപ്രീം കോടതി സമരക്കാരോട് ചോദിച്ചിരുന്നത്.