കൊല്ലം: (www.mediavisionnews.in) ആര്‍.എസ്.എസ് നേതാവായിരുന്ന കടവൂര്‍ ജയന്‍ വധക്കേസിലെ പ്രതികളായ ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് കോടതി. കേസില്‍ ഇന്നലെ തന്നെ കൊല്ലം സെഷന്‍സ് കോടതി വിധി പറയാനിരുന്നെങ്കിലും പ്രതികളാരും ഹാജരാകാത്തതിനാല്‍ ഫെബ്രുവരി നാലിലേക്ക് മാറ്റുകയായിരുന്നു. പ്രതികളുടെ അസാന്നിധ്യത്തില്‍ വിധി പ്രസ്താവിക്കാറില്ല.
ശനിയാഴ്ച കേസ് പരിഗണിച്ച കോടതിയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കേസില്‍ ആര്‍.എസ്.എസുകാരായ കടവൂര്‍ വലിയങ്കോട്ടു വീട്ടില്‍ ജി.വിനോദ് (42), കൊറ്റങ്കര ഇടയത്തു വീട്ടില്‍ (ഇന്ദിര ഭവന്‍) ജി.ഗോപകുമാര്‍ (36), കടവൂര്‍ താവറത്തു വീട്ടില്‍ സുബ്രഹ്മണ്യന്‍ (39), വൈക്കം താഴതില്‍ പ്രിയരാജ് (അനിയന്‍കുഞ്ഞ് 39), പരപ്പത്തു ജംക്ഷന്‍ പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ് (29), കിഴക്കടത്ത് എസ്.അരുണ്‍ (34), മതിലില്‍ അഭി നിവാസില്‍ രജനീഷ് (രഞ്ജിത് 31), ലാലിവിള വീട്ടില്‍ ദിനരാജ് (31), കടവൂര്‍ ഞാറയ്ക്കല്‍ ഗോപാല സദനത്തില്‍ ആര്‍ ഷിജു (36) എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി രാവിലെ തന്നെ വിധിച്ചിരുന്നു.
എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതികളാരും ഇന്നലെ കോടതിയില്‍ എത്തിയില്ല. ഒരു പ്രതിയെങ്കിലും ഹാജരായിരുന്നെങ്കില്‍ ജഡ്ജി എസ് കൃഷ്ണകുമാര്‍ വിധി പറയുമായിരുന്നു. കോടതിക്ക് പുറത്ത് ആര്‍.എസ്.എസുകാര്‍ കൂട്ടമായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. പൊലീസും ജാഗ്രതയോടെ കോടതി പരിസരത്തുണ്ടായിരുന്നു.
പ്രതികളുടെ ജാമ്യം റദ്ദാക്കി വാറന്റ് പുറപ്പെടുവിച്ച കോടതി പ്രതികളെ ഉടന്‍ ഹാജരാക്കാനും ഉത്തരവിട്ടു. തുടര്‍ന്ന് ഇവരെ കണ്ടെത്താനായി അഞ്ചാലുംമൂട് പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചു.
ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന ജയന്‍ പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യത്തില്‍ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊല്ലത്തു കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു കടവൂര്‍ ജയന്റേത്. 2012 ഫെബ്രുവരി 7നു പകല്‍ 11നായിരുന്നു സംഭവം.
വീടിനു സമീപം കടവൂര്‍ ജംക്ഷനിലായിരുന്നു ആക്രമണം. ആകെ 64 വെട്ടുകളാണു ശരീരത്തിലുണ്ടായിരുന്നത്.
ആക്രമണത്തില്‍ സഹോദരീ ഭര്‍ത്താവ് രഘുനാഥന്‍ പിള്ളയ്ക്കും പരുക്കേറ്റിരുന്നു. വിചാരണ ഘട്ടത്തില്‍ പലപ്പോഴും കേസ് വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. ഒടുവില്‍ വാദം നടക്കുന്ന കോടതിയില്‍നിന്നു കേസ് മാറ്റണം എന്നാവശ്യപ്പെട്ടും ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍ ഇവയെല്ലാം ഹൈക്കോടതി തള്ളിയതോടെ കേസ് വീണ്ടും സെഷന്‍സ് കോടതിയിലേക്ക് എത്തുകയും വിധി പറയുകയുമായിരുന്നു. കേസില്‍ 23 സാക്ഷി മൊഴികളും 6 മാരകായുധങ്ങള്‍ ഉള്‍പ്പെടെ 38 തൊണ്ടി മുതലുകളും രേഖകളും ഹാജരാക്കിയിരുന്നു.
പ്രതിഭാഗം 9ാം പ്രതി ഉള്‍പ്പെടെ 20 പേരെ സാക്ഷികളാക്കി ഹാജരാക്കി. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപചന്ദ്രന്‍ പിള്ള, പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി.മഹേന്ദ്ര, അഡ്വ.വിഭു എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.