ഭാര്യ പറഞ്ഞത് വെറുതെയായില്ല; പ്രവാസിക്ക് ലഭിച്ചത് 23 കോടി രൂപ

0
252

അബുദാബി (www.mediavisionnews.in): അപ്രതീക്ഷിതമായി കോടീശ്വരനായ സന്തോഷത്തിലാണ് സിറിയന്‍ പൗരനായ നിദാല്‍ ഷാന്‍വർ. തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് ഷാന്‍വറിനെ ഭാ​ഗ്യം തേടിയെത്തിയത്. 216317 എന്ന നമ്പറിലൂടെ 1.2 കോടി ദിര്‍ഹം (23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമാണ് നിദാല്‍ ഷാന്‍വറിന് സ്വന്തമായത്.

ഡോക്ടർ ആയ നിദാല്‍ ഷാന്‍വർ, കഴിഞ്ഞ 16 വർഷമായി അല്‍ഐനില്‍ ഒരു ക്ലിനിക്ക് നടത്തി വരികയാണ്. കഴിഞ്ഞ ഏഴ് മാസത്തോളമായി ബിഗ് ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കുകയാണ് ഷാന്‍വർ. 500 ദിര്‍ഹത്തിന്റെ രണ്ട് ടിക്കറ്റുകളാണ് ഷാന്‍വർ എടുത്തത്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് മൂന്നാമത് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യും. അതിൽ ഒരു ടിക്കറ്റാണ് ഷാന്‍വറിന് ഭാ​ഗ്യം കൊണ്ടുവന്നത്. ഭാര്യയാണ് എല്ലാ പ്രാവശ്യവും ടിക്കറ്റ് എടുക്കാൻ തന്നെ നിർബന്ധിച്ചിരുന്നതെന്ന് ഷാന്‍വർ പറഞ്ഞു.

‘എല്ലാ മാസവും ടിക്കറ്റ് വാങ്ങാന്‍ നിർബന്ധിക്കുന്നത് എന്റെ ഭാര്യയാണ്. ഒരു ദിവസം ഭാ​ഗ്യം തുണക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. ആ ദിവസം ഇന്നാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനാവുന്നില്ല. എനിക്ക് ഏകദേശം 1 ദശലക്ഷം ദിർഹത്തിന്റെ കടമുണ്ട്. ഈ സമ്മാനത്തുകയിലൂടെ അതെനിക്ക് വീട്ടാനാകും’- നിദാല്‍ ഷാന്‍വർ ​ഗൾഫ് ന്യൂസിനോട് പറഞ്ഞു.

പ്രതീക്ഷിച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നതിന്റെ സന്തോഷത്തിലാണ് ഷാന്‍വറിന്റെ ഭാര്യയും. ”ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടു, ഈ പണം നല്ല രീതിയിൽ ഞങ്ങൾ ഉപയോഗപ്പെടുത്തും”-ഷാന്‍വറിന്റെ ഭാര്യ പറയുന്നു. തന്റെ ക്ലിനിക്ക് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും സമ്മാന തുകയിൽ നിന്ന് ഒരു ഭാ​ഗം അതിലേക്ക് മാറ്റിവയ്ക്കുമെന്നും ഷാന്‍വർ പറഞ്ഞു.

കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ രണ്ട് കോടി സമ്മാനം ലഭിച്ച പാകിസ്ഥാന്‍ പൗരന്‍ മുഹമ്മദ് ഹസനാണ് വിജയിയെ തെരഞ്ഞെടുത്തത്. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം ലഭിച്ചത് പ്രേം കുമാര്‍ ഗോപാലപിള്ള എന്ന ഇന്ത്യക്കാരനാണ്. മറ്റൊരു ഇന്ത്യക്കാരനായ ഷാദുല മുഹമ്മദിന് 60,000 ദിര്‍ഹം സമ്മാനവും ലഭിച്ചിട്ടുണ്ട്. പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, കെനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് സമ്മാനാർഹർ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here