ഫെബ്രുവരി 23, നാളെ കേരള ഹർത്താൽ, ജനജീവിതത്തെ ബാധിക്കുമോ

0
287

കോ​ട്ട​യം: (www.mediavisionnews.in) ഫെബ്രുവരി 23ന് ഞായറാഴ്ച കേരളത്തിൽ ഹര്‍ത്താലിന് ദളിത് സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുകയാണ്. ദളിത് സംവരണത്തിലെ സുപ്രീംകോടതി വിധിക്ക് എതിരെയാണ് ഹര്‍ത്താല്‍. അഖിലേന്ത്യ ബന്ദ് നടത്താന്‍ ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്ന ഭീം ആർമി തീരുമാനിച്ചിട്ടുണ്ട്. ഇത് കേരളത്തില്‍ ഹർത്താലായി ആചരിക്കുകയാണ് കോട്ടയം ആസ്ഥാനമായ ദലിത് സംയുക്ത സമിതി.

എന്തിനാണ് ഫെബ്രുവരി 23ന് ദേശീയ ബന്ദ് സംഘടിപ്പിക്കുന്നത്?

സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ഉത്തരവിനെ മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാൻ വേണ്ടി എല്ലാ പട്ടികജാതി-വര്‍ഗ എംപിമാരും എംഎല്‍എമാരും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തണമെന്നും ആസാദ് ആവശ്യപ്പെട്ടു.

കേരളത്തിൽ ബന്ദ് ദിനം ഹർത്താൽ ആചരിക്കുന്നത് എന്തിനാണ്?

സംവരണം മൗലികാവകാശം അല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് കേരളത്തിൽ നാളെ ഹർത്താൽ. സ്ഥാനക്കയറ്റത്തിന് സംവരണം ഏർപ്പെടുത്താൻ സർക്കാരിനോട് നിർദേശിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. പട്ടികജാതി – പട്ടികവര്‍ഗ സംവരണം അട്ടിമറിക്കുന്നതിന് എതിരെയും വിഷയത്തില്‍ പാര്‍ലമെന്‍റില്‍ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ടു കൊണ്ടും ആണ് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏതെല്ലാം സംഘടനകളാണ് ഹർത്താലിൽ പങ്കെടുക്കുന്നത്?

വിവിധ പട്ടികജാതി , പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താലിന് ആഹ്വാനം. കേരള ചേരമര്‍ സംഘം, എകെസിഎച്ച്‌എം, എന്‍ഡിഎല്‍എഫ്, ഭീം ആര്‍മി, കേരള ചേരമര്‍ ഹിന്ദു അസോസിയേഷന്‍, കെഡിപി, കെപിഎംഎസ്, ആദി ജനസഭ ജനറല്‍, ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനം തുടങ്ങിയ സംഘടനകളാണ് കഴിഞ്ഞദിവസം ചേർന്ന സംയുക്ത യോഗത്തിൽ പങ്കെടുത്തത്.

ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത് ഏതെല്ലാം മേഖലകളെയാണ്?

പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, എയർപോർട്ട്, അവശ്യസേവനങ്ങൾ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ദളിത് സംയുക്ത സമിതി ചെയർമാൻ എകെ സജീവ് സമയം മലയാളത്തോട് പ്രതികരിച്ചു. ബസ് ഉടമകളോടും വ്യാപാരി സംഘടനകളോടും ഹർത്താലുമായി സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാ നഗരങ്ങളിലും നാളെ രാവിലെ 11 മണിക്ക് സമരസമിതി പ്രകടനം നടത്തുമെന്നും സംഘാടകർ അറിയിച്ചു.

ഹർത്താലിന് ഏതെങ്കിലും സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടോ?

എസ്ഡിപിഐയും വെൽഫയർ പാർട്ടിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചതായി അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും നിലവിൽ 26 സംഘടനകൾ സംയുക്തമായാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും സമരസമിതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here