ന്യൂഡൽഹി: (www.mediavisionnews.in)ഇന്ത്യയിൽ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമം മുസ്ലിം സമുദായത്തിന് ദോഷകരമാകുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുേവണ്ടിയുള്ള അമേരിക്കൻ കമീഷെൻറ റിപ്പോർട്ട്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവേയാണ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള വസ്തുത പത്രിക, കമീഷൻ പുറത്തുവിട്ടത്. നിയമത്തിെൻറ പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് മുസ്ലിം സമുദായമായിരിക്കും. അവർക്ക് നാട് ഉപേക്ഷിക്കേണ്ടിവരും.
നാടുകടത്തുകയോ ദീർഘകാലം തടവിൽ കഴിയേണ്ടിവരുകയോ ചെയ്തേക്കാമെന്ന് നിയമത്തെക്കുറിച്ച് പഠിക്കാൻ കമീഷൻ നിയോഗിച്ച മൂന്നംഗങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളിലുള്ള ആശങ്കയും കമീഷൻ പങ്കുവെക്കുന്നുണ്ട്. ഇന്ത്യയെ ശുദ്ധീകരിക്കുമെന്നും ഇത് ഹിന്ദുക്കളുടെ നൂറ്റാണ്ടാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏതാനും വർഷം മുമ്പ് പറഞ്ഞതും കമീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമത്തിനെതിരെ ഇന്ത്യയിലെമ്പാടും പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. ഇവയെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ്. പക്ഷപാതപരമായ നിയമം ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ പിറകോട്ട് നടത്തുകയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്.