ബെംഗളൂരു: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം കളിച്ചതിന് പൊലീസ് അറസ്റ്റുചെയ്ത പ്രധാനധ്യാപികയ്ക്കും രക്ഷിതാവിനും ജാമ്യം ലഭിച്ചു. രാജ്യദ്രോഹം കുറ്റം ചുമത്തിയായരുന്നു ഇരുവരെയും കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തത്.
സ്‌കൂളിലെ പ്രധാനധ്യാപിക ഫരീദാ ബീഗത്തിനെതിരെയും, നാടകം കളിച്ച വിദ്യാര്‍ത്ഥികളിലൊരാളുടെ അമ്മയായ നസ്ബുന്നീസ മിന്‍സ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം കളിച്ച് പ്രതിഷേധിച്ചത്. ജനുവരി 21ന് സ്‌കൂള്‍ വാര്‍ഷിക ദിനത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
അഞ്ച് ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് നാടകം കളിച്ചത്. നാടകം കളിച്ച് ദിവസങ്ങള്‍ക്ക് ശേഷം ഷഹീന്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് മാനേജ്മെന്റിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരന്തരം സ്‌കൂളിലെത്തുകയും വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യല്‍ നിര്‍ത്തിവെക്കാന്‍ കര്‍ണാടക ബാലാവകാശ കമ്മീഷനാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
നാടകത്തിന്റെ തിരക്കഥയിലില്ലാത്ത വാക്കുകള്‍ നസ്ബുന്നീസ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.പ്രധാനധ്യാപികയുടെ അറിവോടെയാണ് നാടകം കളിച്ചെതെന്നും പൊലീസ് പറയുന്നു.