ന്യൂദല്‍ഹി (www.mediavisionnews.in) :പൗരത്വഭേദഗതി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി അന്റോര്‍ണിയോ ഗുട്ടറസ്. ഇത്തരം നിയമങ്ങള്‍ വഴി പൗരത്വം നിഷേധിക്കപ്പെടുന്നതിലൂടെ സ്വന്തമായി ഒരു രാജ്യമില്ലാത്ത ഒരുകൂട്ടം വ്യക്തികളെയായിരിക്കും സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇത് തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താനി പത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്റോര്‍ണിയ ഗുട്ടറസിന്റെ പ്രതികരണം.
ലോകത്തിലെ ഓരോ പൗരന്മാര്‍ക്കും ഒരു രാജ്യത്ത് പൗരത്വമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യധികം പ്രധാനപ്പെട്ടതാണെന്നും അന്റോര്‍ണിയോ ഗുട്ടറസ് പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഡിസംബര്‍ 11 നായിരുന്നു പാര്‍ലമെന്റ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. 2014 ഡിസംബര്‍ 31 ന് മുന്‍പ് രാജ്യത്തേക്ക് കുടിയേറിയ പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. പൗരത്വഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ രാജ്യത്താകമാനം പ്രതിഷേധം നടക്കുകയാണ്.
ജമ്മുകശ്മീരില്‍ കുട്ടികള്‍ ഇന്ത്യന്‍ സൈനികരില്‍ നിന്നും നേരിടേണ്ടി വരുന്ന ഉപദ്രവത്തെക്കുറിച്ചും ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ഉള്ള അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്നതിന്നതിന്റെ വ്യക്തമായ രൂപം ഈ മാധ്യമ വാര്‍ത്തകളിലൂടെ ലഭിക്കുന്നുണ്ടെന്നും ഈ വാര്‍ത്തകള്‍ ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.