അമരാവതി: (www.mediavisionnews.in) പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് മഹാരാഷ്ട്ര അമരാവതിയിലെ ഗേള്‍സ് കോളെജിലെ അധ്യാപകര്‍. വാലന്റൈന്‍സ് ഡേയുടെ പശ്ചാത്തലത്തിലാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചത്.
ആരോഗ്യമുള്ളതും ശക്തവുമായ ഇന്ത്യയ്ക്കുവേണ്ടി വിദ്യാര്‍ത്ഥിനികളെ സജ്ജരാക്കുന്നു എന്ന വിശദീകരണത്തോടെയായിരുന്നു അധികൃതരുടെ നടപടി. മഹിള കലാ വാണിജ്യ മഹാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളെക്കൊണ്ടാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചത്.
അധ്യാപകര്‍ എഴുതി നല്‍കിയ പ്രതിജ്ഞ ഇങ്ങനെ, ‘രക്ഷിതാക്കളില്‍ എനിക്ക് പരിപൂര്‍ണ വിശ്വാസമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. സമീപ കാലത്ത് ചുറ്റുവട്ടത്ത് നടക്കുന്ന നിരവധി സംഭവങ്ങളെ പരിഗണിച്ച് പ്രണയത്തില്‍ കെട്ടുപിണയുകയോ പ്രണയ വിവാഹത്തില്‍ ഏര്‍പ്പെടുകയോ ചെയ്യില്ല. സ്ത്രീധനം ആവശ്യപ്പെടുന്നവരെയും ഞാന്‍ വിവാഹം ചെയ്യില്ല. സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ച് ഭാവിയിലെ ഒരു അമ്മയെന്ന നിലയില്‍ മാതാപിതാക്കള്‍ സ്ത്രീധനം നല്‍കി എന്നെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ത്തന്നെയും എന്റെ മരുമകളുടെ മാതാപിതാക്കളില്‍ നിന്ന് ഞാന്‍ സ്ത്രീധനം സ്വീകരിക്കില്ല, എന്റെ മകളുടെ വിവാഹത്തിന് സ്ത്രീധനം നല്‍കുകയുമില്ല. ദൃഢവും ആരോഗ്യപരവുമായ ഇന്ത്യക്കുവേണ്ടി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു’.
വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിവാഹത്തെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കാതിരിക്കാനുമാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചതെന്നാണ് കോളെജ് പ്രിന്‍സിപാള്‍ രാജേന്ദ്ര ഹാര്‍വെയുടെ വാദം. രക്ഷിതാക്കള്‍ കുട്ടികളെ കോളെജിലേക്കയച്ചത് പഠിക്കാനാണെന്നും ചില വിദ്യാര്‍ത്ഥികള്‍ അത് അവഗണിച്ച് പ്രണയത്തിന് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.