പശ്ചിമ ബംഗാള്‍ മദ്രസ ബോര്‍ഡ് നടത്തുന്ന സ്‌കൂള്‍ ഫൈനല്‍ പരീക്ഷ എഴുതുന്നവരില്‍ 18 ശതമാനം ഹിന്ദു വിദ്യാര്‍ഥികള്‍

0
221

കൊല്‍ക്കത്ത: (www.mediavisionnews.in) പശ്ചിമബംഗാളിള്‍ മദ്രസ ബോര്‍ഡ് നടത്തുന്ന സ്‌കൂള്‍ ഫൈനല്‍ പരീക്ഷ എഴുതുന്നവരില്‍ 18 ശതമാനം ഹിന്ദു വിദ്യാര്‍ത്ഥികള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത് റെക്കോര്‍ഡ് ആണെന്നാണ് മദ്രസാ ബോര്‍ഡ് പ്രതിനിധികള്‍ പറയുന്നത്. ഹിന്ദു ദിനപത്രത്തിന്റേതാണ് റിപ്പോര്‍ട്ട്.

70,000ത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷം (2019) പരീക്ഷ എഴുതിയവരില്‍ 12.77 ശതമാനം അമുസ്‌ലിം വിദ്യാര്‍ത്ഥികളാണുണ്ടായിരുന്നതെന്ന് പശ്ചിമ ബംഗാള്‍ മദ്രസാ ബോര്‍ഡ് പ്രസിഡന്റ് അബൂ താഹിര്‍ കമറുദ്ദീന്‍ പറഞ്ഞു.

മദ്രസകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പഠിക്കുന്നതെന്ന ധാരണയെ തിരുത്തുന്നതാണ് ഇത്. പത്താം ക്ലാസ് വരെയുള്ള സ്ഥാപനങ്ങളില്‍ ഹിന്ദു വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. ‘പൂരുലിയ, ബിര്‍ബൂം, ബങ്കൂര ജില്ലകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ ഇതര മതസ്ഥര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ പോലുമുണ്ട്’ കമറുദ്ദീന്‍ പറയുന്നു.

‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരീക്ഷ എഴുതുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് ഉണ്ടാവുന്നുണ്ട്. അതേസമയം, രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതാറില്ല. എന്നാലും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ രണ്ടോ മൂന്നോ ശതമാനം വര്‍ധനവ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്’- അദ്ദേഹം ഹിന്ദു പത്രത്തിനോട് പറഞ്ഞു. കഴിഞ്ഞ തവണ പരീക്ഷ എഴുതിയവരില്‍ 60 ശതമാനം പെണ്‍കുട്ടികളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1780ലാണ് മദ്രസാ വിദ്യാഭ്യാസം ആരംഭിച്ചത്. അത് 1851ല്‍ നവീകരിച്ചു. ഏതാണ്ട് പൂര്‍ണമായും സെക്കണ്ടറി എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ സിലബസാണ് പിന്തുടരുന്നത്.

രണ്ട് സ്ട്രീമുകളാണുള്ളത്. അറബി ഐച്ഛിക ഭാഷയായ ഹൈ മദ്രസയും വിശ്വാസ കാര്യങ്ങള്‍ പഠിപ്പിക്കുന്ന സീനിയര്‍ മദ്രസയും. ഇതില്‍ ഇതര മതസ്ഥര്‍ ഹൈ മദ്രസക്കു കീഴിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇത് സെക്കണ്ടറി എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ സിലബസാണ് പിന്തുടരുന്നത്.

ഗ്രാമ പ്രദേശങ്ങളില്‍ നിരവധി ഇതര മതസ്ഥരായ വിദ്യാര്‍ഥികളാണ് ഹൈ മദ്രസകളില്‍ പഠിക്കുന്നത്. പ്രൈമറി എഡ്യുക്കേഷന്റെ ഒബ്‌സര്‍വര്‍ പറയുന്നു. അവരുടെ രക്ഷിതാക്കളും ഇത് താല്‍പര്യപ്പെടുന്നു. സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന 600 മദ്രസകളാണ് സംസ്ഥാനത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here