ദില്ലി: (www.mediavisionnews.in) നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന പ്രതി വിനയ് ശർമ്മ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ജയിൽ മുറിയുടെ ഭിത്തിയിൽ തലയിടിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിനയ് സ്വയം പരുക്കേല്പിച്ചു എന്നാണ് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഫെബ്രുവരി 16നായിരുന്നു സംഭവം. തല ഭിത്തിയിൽ ഇടിക്കുന്നതു കണ്ട അധികാരികൾ ഇയാളെ തടയുകയും പരുക്കിന് ചികിത്സ നൽകുകയും ചെയ്തു.
നേരത്തെ, വിനയ് ശർമ്മ ജയിലിൽ നിരാഹാരം അനുഷ്ടിക്കുകയാണെന്ന് പ്രതിയുടെ അഭിഭാഷകൻ പറഞ്ഞിരുന്നു. വിനയ് ജയിലിൽ വെച്ച് ഉപദവിക്കപ്പെട്ടു. തലയിൽ മുറിവുണ്ടായി. വിനയ് ശർമ്മക്ക് മാനസിക വിഭ്രാന്തിയാണ്. അതുകൊണ്ട് തന്നെ വധശിക്ഷ ഒഴിവാക്കണമെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു.
അതേ സമയം, പ്രതികളെ മാർച്ച് 3നാണ് തൂക്കിലേറ്റുക. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. രാവിലെ ആറ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.
വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ നിരന്തരം ശ്രമിക്കുന്നുവെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നിർഭയയുടെ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു. നേരത്തെ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാനാണ് വിധിച്ചിരുന്നെങ്കിലും ഡൽഹി പട്യാല ഹൗസ് കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ വധശിക്ഷ നടപ്പാക്കരുതെന്നായിരുന്നു കോടതി ഉത്തരവ്.
2012 ഡിസംബർ 16നാണ്, ഡൽഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ജ്യോതി സിംഗ് എന്ന നിർഭയ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. വർഷങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് ശേഷം മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരെ തൂക്കിക്കൊല്ലാൻ കോടതി ഉത്തരവിടുകയായിരുന്നു.