ദുബായ് ഹിന്ദു ക്ഷേത്രത്തിന് സമീപം തീപിടുത്തം

0
246

ദുബായ്: (www.mediavisionnews.in) ബര്‍ദുബായ് ഹിന്ദു ക്ഷേത്രത്തിന് സമീപം തീപിടുത്തം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ രണ്ട് കടകളിലാണ് തീപിടിച്ചത്. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അധികൃതരെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ക്ഷേത്രത്തിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

രാത്രി ഒരു മണിയോടെയാണ് ക്ഷേത്രത്തിന് സമീപത്തുള്ള രണ്ട് ചെറിയ കടകളില്‍ തീപിടിച്ചത്. അല്‍ ദഫ നോവല്‍റ്റി ഷോപ്പിലാണ് ആദ്യം തീപിടിച്ചത്. പുഷ്പങ്ങളും മറ്റും വില്‍ക്കുന്ന സ്ഥാപനമാണിത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടച്ചിട്ട കടയുടെ ഷട്ടറുകള്‍ക്കുള്ളില്‍ നിന്ന് പുക ഉയരുന്നതുകണ്ട സുരക്ഷാ ജീവനക്കാര്‍ സിവില്‍ ഡിഫന്‍സിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ തീ മറ്റൊരു കടയിലേക്ക് കൂടി പടര്‍ന്നു.

ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കി. ഇതിന് സമീപത്തുള്ള കെട്ടിടങ്ങളില്‍ ക്ഷേത്ര ജീവനക്കാര്‍ താമസിച്ചിരുന്നു. ഇവരെ ഉള്‍പ്പെടെ എല്ലാവരെയും അധികൃതര്‍ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി പ്രദേശത്തേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം ഇവ പുനഃസ്ഥാപിച്ച ശേഷം ആറ് മണിയോടെ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്നുമാണ് ഭാരവാഹികള്‍ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here