ന്യൂഡല്‍ഹി: (www.mediavisionnews.in) ദല്‍ഹിയില്‍ നിന്നും മുസ്‍ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ജഫറാബാദില്‍ നിന്നാണ് കൂട്ടത്തോടെ മുസ്‍ലിം കുടുംബങ്ങള്‍ വീടും സ്വത്ത് വകകളും വിട്ട് പോകുന്നത്. പൊലീസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും കൂട്ടായ ആക്രമണത്തില്‍ ഭയന്നാണ് കുടുംബങ്ങള്‍ നാട് വിടുന്നത്.
ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ ആക്രണത്തില്‍ മുസ്‍ലിം വീടുകളെയും കടകളെയും ലക്ഷ്യമാക്കിയാണ് ആക്രമണകാരികള്‍ നീങ്ങിയത്. ഹിന്ദു വീടുകള്‍ക്ക് പുറത്ത് കാവി കൊടി കെട്ടിയാണ് വേര്‍തിരിച്ച് മുസ്‍ലിം വീടുകളെ ലക്ഷ്യം കാണിച്ചുകൊടുത്തത്. ദല്‍ഹിയുടെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ അഞ്ചു പേർ ഇത് വരെ കൊല്ലപ്പെട്ടതായ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളാണുള്ളത്. നിരവധി പേര്‍ പരിക്കുകളോടെ ആശുപത്രികളിലാണ്. പൊലീസുകാരനും തദ്ദേശവാസിയായ നാലു പേരുമാണ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും സംഘപരിവാര്‍ പ്രവര്‍ത്തകരും തമ്മിലാണ് തിങ്കളാഴ്ച വീണ്ടും സംഘർഷമുണ്ടായത്. കല്ലേറിൽ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തൻലാലാണ് കൊല്ലപ്പെട്ട പൊലീസുകാരൻ. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുർഖാൻ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ക്രൂരമായ ശാരീരിക മർദനമേറ്റതിനെ തുടർന്നാണ് ഫുർഖാൻ കൊല്ലപ്പെട്ടത്.
സി.എ.എക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തതോടെയാണ് ആക്രമണം ആരംഭിച്ചത്. സി.എ.എ പ്രതിഷേധക്കാരെ നേരിടാനായി കല്ലുകള്‍ ലോറികളില്‍ കൊണ്ടുവരികയായിരുന്നുവെന്ന് അനുകൂലികള്‍ പറയുന്നു. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനെയും പ്രക്ഷോഭകാരികള്‍ വെറുതെവിട്ടില്ല.
പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ജെ.എന്‍.യു വിദ്യാര്‍ഥി സഫ മീഡിയവണിനോട് പറഞ്ഞു. അക്രമികള്‍ക്കൊപ്പം നിന്നുവെന്ന വിമര്‍ശനവും പൊലീസിനെതിരെയുണ്ട്. പൗരത്വ സമരക്കാര്‍ക്ക് എതിരായ അക്രമം പൊലീസ് സാന്നിധ്യത്തിലായിരുന്നുവെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. പൊലീസിനൊപ്പം ആക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.