ന്യൂഡല്‍ഹി: (www.mediavisionnews.in) : ഡൽഹി മൗജ്പൂരിലുണ്ടായ സംഘർഷത്തിൽ മരണം മൂന്നായി. ഒരു പൊലീസ് കോൺസ്റ്റബിളും രണ്ട് പ്രദേശവാസികളുമാണ് മരിച്ചത്. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ സംഘർഷത്തിലാണ് മൂന്ന് പേർ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.
ഗോകുൽപുരിയിലുണ്ടായ സംഘർഷത്തിലാണ് ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന് ജീവൻ നഷ്ടമായത്. രാജസ്ഥാനിലെ സികർ സ്വദേശിയാണ് ഇദ്ദേഹം. മരിച്ച സാധാരണക്കാരനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. സെക്ഷൻ 144 പ്രകാരം വടക്കു കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ വൈകിട്ടാണ് ഭജൻപുര, മൗജ്പൂർ എന്നിവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി സംഘർഷം ഉടലെടുത്തത്. നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കല്ലേറുണ്ടായ ആക്രമണത്തിൽ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേർക്ക് പ്രക്ഷോഭത്തിനിടെ ഒരാൾ തോക്കുമായി ഓടിയെത്തി. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ടി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. തുടർന്ന് സമാധാനം പുനഃസ്ഥാപിക്കാൻ അർധസൈനികരും രംഗത്തിറങ്ങിയിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.