മംഗലാപുരം: (www.mediavisionnews.in) വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ‘ഡോണ്‍’ തസ്ലീമിനെ കൊലപ്പെടുത്തിയത് ക്വട്ടേഷനാണെന്ന് പൊലീസ് സംശയം. കാസര്‍കോട് ചെമ്പരിക്ക സ്വദേശി ‘ഡോൺ’ തസ്‌ലിം എന്നറിയപ്പെടുന്ന സി.എം.മുഹ്ത്തസിം (40) ഞായറാഴ്ചയാണ് വെടിയേറ്റു മരിച്ചത്. മംഗളൂരുവിലെ ജ്വല്ലറി കൊള്ളയടിച്ച കേസിൽ ജാമ്യം നേടി നാട്ടിലേക്കു മടങ്ങുന്നതിനിടെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആർഎസ്എസ് നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതിനു 2019 ജനുവരിയിൽ ഡൽഹി പൊലീസ്അറസ്റ്റ് ചെയ്തിരുന്നു. ബിജെപി ന്യൂനപക്ഷ സെൽ ഭാരവാഹിയായിരുന്നുവെങ്കിലും പിന്നീടു പുറത്താക്കിയിരുന്നു.
മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുൺ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 1.11 കോടി രൂപയുടെ ആഭരണം കവർന്ന കേസിൽ 2019 സെപ്റ്റംബറിൽ അറസ്റ്റിലായ തസ്‌ലിം ഗുൽബർഗ ജയിലിൽ റിമാൻഡിലായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 31നു ജാമ്യം ലഭിച്ചു സഹോദരനൊപ്പം നാട്ടിലേക്കു പോകുമ്പോളാണു കലബുറഗിക്കടുത്ത നെലോഗിയിൽ ഗുണ്ടാസംഘം വാഹനം തടഞ്ഞു തട്ടിക്കൊണ്ടു പോയത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണത്തിൽ ഗുണ്ടകളുടെ ഒളിസങ്കേതം കണ്ടെത്തിയെങ്കിലും പൊലീസ് എത്തുന്നതിനു മുൻപു സംഘം തസ്‌ലിമിനെയും കൊണ്ടു കാറിൽ കടന്നുകളഞ്ഞു. പൊലീസ് പിന്തുടർന്നതോടെ മംഗളൂരു ബിസി റോഡിനു സമീപം കാറിനകത്തു വെടിവച്ചു കൊന്നു ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. ഡോൺ തസ്‌ലിമിനെ കൊലപ്പെടുത്തിയതിനു പിന്നിൽ കാസർകോട് ജില്ലയിലെ സംഘമാണെന്നാണു പൊലീസ് സംശയിക്കുന്നത്. ഉപ്പളയിലെ ക്വാട്ടേഷൻ സംഘത്തലവനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണു തസ്‌ലിമെന്നു പൊലീസ് പറയുന്നത്.
ഇവിടെയുള്ള ഒരു സംഘത്തിനു നൽകാനുള്ള ഒന്നരക്കോടി രൂപ തിരിച്ചുകൊടുക്കാത്തതിനെ തുടർന്ന് ഉപ്പളയിലെ സംഘം കർണാടകയിലെ സംഘത്തിനു നൽകിയ ക്വട്ടേഷനാണെന്നും സൂചനയുണ്ട് പൊലീസിന്. വ്യാജ പാസ്പോർട്ട് നിർമിച്ചതുൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ‘ഡോൺ’ എന്നാണ് തസ്‌ലിം സ്വയം വിശേഷിപ്പിച്ചിരുന്നത്. വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ഒട്ടേറെ വിദേശയാത്രകൾ നടത്തിയ തസ്‍ലിം പാസ്‌പോർട്ടിനു വേണ്ടി വ്യാജരേഖകളും സീലുകളും നിർമിച്ചതായി വർഷങ്ങൾക്കു മുൻപു പൊലീസ് കണ്ടെത്തിയിരുന്നു. മലപ്പുറം തിരൂരിൽ വ്യാജ പാസ്പോർട്ട് കേസിൽ ഇയാള്‍ അറസ്റ്റിലായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.