കോയമ്പത്തൂര്‍: (www.mediavisionnews.in) കടുത്ത ജാതി വിവേചനം കാരണം തമിഴ്നാട് കോയമ്പത്തൂരിലെ 450ഓളം ദലിതര്‍ ഇസ്ലാം മതം സ്വീകരിച്ചു. ജാതിയില്‍ താഴ്ന്ന ഞങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് മേല്‍ജാതിക്കാരുടെ പെരുമാറ്റമെന്ന് ആരോപിച്ചാണ് മതം മാറിയത്. കടുത്ത വിവേചനമാണ് നേരിട്ടത്. മൃതദേഹം സംസ്കരിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു. ആദ്യഘട്ടത്തില്‍ 450 പേരാണ് മതം മാറിയത്. ഇനിയും 3000ത്തോളം പേര്‍ മതം മാറാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.
2019 ഡിസംബര്‍ രണ്ടിന് കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് ജാതി മതില്‍ പൊളിഞ്ഞ് വീണ് 17 ദലിതര്‍ കൊല്ലപ്പെട്ടതാണ് മതംമാറ്റത്തിനുള്ള പ്രധാന കാരണം. ജാതിമതിലാണ് ദുരന്തത്തിന് കാരണമെന്നും ഇസ്ലാം മതത്തിലേക്ക് മാറുകയാണെന്നും അടുത്ത ദിവസങ്ങളില്‍ പ്രദേശത്തെ ദലിതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍റെ പേര് മദന്‍ എന്നായിരുന്നു. ഇനി മുതല്‍ ഞാന്‍ സുലൈമാനാണ്. ജനിച്ച നാള്‍ മുതല്‍ വിവേചനം അനുഭവിക്കുന്നു. അതുകൊണ്ടാണ് ഹിന്ദുമതം വിട്ട് ഇസ്ലാം മതം സ്വീകരിച്ചത്. ഹിന്ദുമതത്തില്‍ ഞങ്ങളുടെ ജീവിതം മെച്ചപ്പെടില്ല. ഇസ്ലാമില്‍ സാഹോദര്യമുണ്ട്-സുലൈമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മറ്റ് ജാതിയില്‍പ്പെട്ട ആള്‍ എന്ന പരിഗണനയോടെ അല്ല മുസ്ലീങ്ങള്‍ ഞങ്ങളെ സമീപിക്കുന്നത്. അവര്‍ ഞങ്ങളുടെ വീട്ടില്‍ വരുന്നു, ഞങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ ജാതി അവര്‍ക്ക് പ്രശ്നമല്ല-മതം മാറിയ അജിത് കുമാര്‍(ഇപ്പോള്‍ മുഹമ്മദ് റഹ്മാന്‍) പറഞ്ഞു. ദലിത് സംഘടനയായ തമിഴ് പുലിഗല്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മതംമാറ്റം. 450 പേര്‍ മതം മാറിയെന്നും ഇനിയും 3500ലേറെ പേര്‍ തയ്യാറായിട്ടുണ്ടെന്നും സംഘടന ജനറല്‍ സെക്രട്ടറി നിലവേനില്‍ പറഞ്ഞു. ജാതി ഉപയോഗിച്ചുള്ള സ്വത്വം എനിക്ക് വേണ്ട. ചക്ലിയന്‍, പള്ളന്‍, പറൈയന്‍ എന്നൊക്കെയാണ് ഞങ്ങളെ വിളിക്കുന്നത്. അപമാനം സഹിക്ക വയ്യാതെയാണ് മതം മാറുന്നത്. മതം മാറുന്നതിലൂടെ അഭിമാനം വീണ്ടെടുക്കാനാകും-നിലവേണില്‍ പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.