കണ്ണൂര്‍: (www.mediavisionnews.in) ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച. രണ്ടു ട്രെയിനുകളിലുമായി 60 ലക്ഷത്തിലധികം രൂപയുടെ സ്വർണമാണ് കവർച്ചചെയ്യപ്പെട്ടത്.
ചെന്നൈ- മംഗളുരു സൂപ്പര്‍ ഫാസ്റ്റില്‍നിന്ന് ചെന്നൈ സ്വദേശിയുടെ 25 ലക്ഷം രൂപയുടെ സ്വര്‍ണം മോഷണം പോയി. തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസില്‍ നിന്ന് 15 പവന്‍ കവര്‍ന്നു. കാഞ്ഞങ്ങാട് സ്വദേശിയുടെ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്.
ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്ന രണ്ടു ട്രെയിനുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഒന്നില്‍ തിരൂര്‍ ഭാഗത്ത് വെച്ചും മറ്റൊന്നില്‍ വടകര-മാഹി പരിസരത്തു വെച്ചും കവര്‍ച്ച നടന്നതായാണ് സംശയിക്കുന്നത്. രണ്ടു കവര്‍ച്ചകള്‍ക്കു പിന്നിലും ഒരേ സംഘമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഏറ്റവും വലിയ കവര്‍ച്ച സംഭവിച്ചത് ചെന്നൈ സൂപ്പര്‍ഫാസ്റ്റിലാണ്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും പണവും ഉള്‍പ്പടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എ.സി.കമ്പാര്‍ട്ട്‌മെന്റിലായിരുന്നു പൊന്നിമാരന്‍ സഞ്ചരിച്ചിരുന്നത്. ഇവിടെ വച്ചാണ് മോഷണം നടന്നിരിക്കുന്നത്. ഇയാള്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം പോലീസ് തുടങ്ങിക്കഴിഞ്ഞു.
മലബാര്‍ എക്‌സപ്രസില്‍ കവര്‍ച്ചക്കിരയായത് പയ്യന്നൂര്‍ സ്വദേശിയാണ്. ഇയാള്‍ ഇതേ ട്രെയിനില്‍ തന്നെയാണ് ഉള്ളത്. പയ്യന്നൂര്‍ ഇറങ്ങുന്ന ഇയാളെ കണ്ട് വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി റെയില്‍ വേ പോലീസ് പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്. പരാതിക്കാരനെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ആസൂത്രിതമായ മോഷണമാണ് നടന്നിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. യാത്രക്കാരുടെ ബാഗിനകത്ത് പണവും സ്വര്‍ണവും ഉണ്ടെന്നറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.