കുവൈറ്റ് (www.mediavisionnews.in) കൊറോണ വൈറസ് ഗള്‍ഫ് രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്നു. ഏറ്റവും ഒടുവിലായി കുവൈറ്റിലും ബഹ്‌റിനിലും ആണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇറാനില്‍ നിന്ന് വന്ന ബഹ്‌റിന്‍ പൗരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയെ ബഹിറിനിലെ ഇബ്രാഹിം ഖാലില്‍ കാനൂ മെഡിക്കല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണെന്ന് ബഹ്‌റിന്‍ മന്ത്രാലയം അറിയിച്ചു. പ്രത്യേക മെഡിക്കല്‍ സംഘമാണ് രോഗിയെ ചികിത്സിക്കുന്നത്.
കൊറോണ പിടിപെട്ട രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ ശ്രദ്ധപുലര്‍ത്തണമെന്നും പനിയോ, ശ്വാസതടസ്സമോ പോലുള്ള രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ചികിത്സ തേടാനും പൊതു ജനസമ്പര്‍ക്കം ഒഴിവാക്കാനും ആരോഗ്യ മന്ത്രാലയം ഇറക്കിയ പ്രത്യേക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ അറിയാന്‍ വേണ്ടി മെഡിക്കല്‍ വകുപ്പിന്‍രെ 444 എന്ന നമ്പറിലേക്ക് വിളിക്കാനും നിര്‍ദ്ദേശമുണ്ട്.
കുവൈറ്റില്‍ മൂന്ന് പേര്‍ക്കാണ് കൊറോണ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. ഇവര്‍ മൂന്നു പേരും ഇറാനില്‍ യാത്ര ചെയ്‌തെത്തിയവരാണെന്ന് കുവൈറ്റ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരാള്‍ മാത്രമാണ് കുവൈറ്റ് പൗരന്‍
കൊറോണ (COVID-19) ഭീതിയെ തുടര്‍ന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി കുവൈറ്റ് നിര്‍ത്തി വെച്ചിരുന്നു. ഇറാന്‍ ആരാധനകേന്ദ്രമായ മഷ്ഹദില്‍ യാത്ര ചെയ്തതിനിടയിലാണ് കൊറോണ പിടിപെട്ടത് എന്നാണ് പ്രഥമിക നിഗമനം. നേരത്തെ യു.എ.ഇയില്‍ 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഒപ്പം ഇറാനില്‍ കൊറോണ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ തുര്‍ക്കിയും പാകിസ്താനും അര്‍മേനിയയും ഇറാനുമായുള്ള അതിര്‍ത്തി അടച്ചു. ഒപ്പം അഫ്ഗാനിസ്താനും ഇറാനിലേക്ക് യാത്ര വിലക്കു വെച്ചിട്ടുണ്ട്. നേരത്തെ ഇറാഖും ഇറാനുമായുള്ള അതിര്‍ത്തി അടച്ചിരുന്നു. ഇറാനില്‍ 43 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.