ന്യൂദല്‍ഹി: (www.mediavisionnews.in) വടക്കുകിഴക്കൻ ഡൽഹിയിൽ ന്യൂനപക്ഷ വിഭാഗത്തിനു നേരെയുണ്ടായ സംഘ്പരിവാർ അക്രമങ്ങൾ ‘ജയ് ശ്രീറാം’ വിളിച്ച് വീഡിയോയിൽ പകർത്തിയ യുവാവും കൂട്ടുകാരും മുസ്ലിം ചെറുപ്പക്കാരുടെ പിടിയിലായ വീഡിയോ വൈറലാവുന്നു. ഭജൻപുരയിൽ അക്രമികൾ മുസ്ലിം കെട്ടിടങ്ങൾ തീവെക്കുമ്പോൾ പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ വീഡിയോ പകർത്തിയ യുവാവിനെയാണ് ചാന്ദ് ബാഗിൽ വെച്ച് ഒരുപറ്റം ചെറുപ്പക്കാർ പിടികൂടിയത്. ‘ജൽതാ ഹിന്ദുസ്ഥാൻ, ജൽതാ സംവിധാൻ’ എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പുറത്തുവിട്ടത്.
കടകൾക്ക് തീവെക്കുകയും മസാറുകൾ കേടുവരുത്തുകയും ചെയ്തയാളാണ് ഇതെന്നും എന്നാൽ, അയാളെ തങ്ങൾ ഒന്നും ചെയ്യാതെ വെറുതെ വിടുകയാണെന്നും വീഡിയോയിലെ പശ്ചാത്തല ശബ്ദം പറയുന്നു. അക്രമത്തിന്റെ വീഡിയോ പകർത്തിയത് താനാണെന്ന് ഇയാൾ വീഡിയോയിൽ സമ്മതിക്കുന്നുണ്ട്. അസദുദ്ദീൻ ഉവൈസി, ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട്, ആൾട്ട്‌ന്യൂസിലെ ഫാക്ട് ചെക്കർ മുഹമ്മദ് സുഹൈര്‍ തുടങ്ങി ആയിരക്കണക്കിനാളുകൾ വീഡിയോ ഷെയർ ചെയ്തു.
‘ഭജൻപുരക്ക് സമീപം കടകൾക്ക് തീവെക്കുകയും ജയ് ശ്രീറാം മുദ്രാവാക്യങ്ങളുമായി അക്രമികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്ത വ്യക്തിയെ ചന്ദ്ബാഗിൽ വെച്ച് സൽമാൻ എന്ന ചെറുപ്പക്കാരൻ പിടികൂടി വീട്ടിലേക്ക് കൊണ്ടുവന്നു’ എന്ന തലവാചകത്തോടെയാണ് വീഡിയോ.
‘കഴിഞ്ഞ ദിവസം നിങ്ങൾ കണ്ടിട്ടുണ്ടാവും, നിരവധി കടകൾക്ക് തീവെക്കുകയും മസാറുകൾ തീവെക്കുകയും ചെയ്ത വ്യക്തിയാണിത്. എന്നിട്ടും ഞങ്ങൾ ഇയാളെ ഒന്നും ചെയ്യുന്നില്ല. ജീവൻ പണയപ്പെടുത്തിയാണ് ഇയാളെയും മറ്റുള്ളവരെയും രക്ഷിച്ചത്.’ – രാത്രിയിൽ പകർത്തിയതെന്ന് കരുതപ്പെടുന്ന വീഡിയോയിലെ പശ്ചാത്തല ശബ്ദം പറയുന്നു. വൈറലായ വീഡിയോയിലെ ജയ് ശ്രീറാം വിളിച്ച വ്യക്തി താങ്കൾ തന്നെയാണോ എന്ന ചോദ്യത്തിന് അതേയെന്ന് ഇയാൾ സമ്മതിക്കുന്നുണ്ട്. മനുഷ്യത്വമുള്ളതുകൊണ്ടാണ് ഇവരെ ഒന്നും ചെയ്യാത്തതെന്നും ഇവരെ പൊലീസിന് കൈമാറുകയാണെന്നും വീഡിയോ പകർത്തിയ വ്യക്തി പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.