തിരുവനന്തപുരം: (www.mediavisionnews.in) കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ പിൻവലിച്ചു. രോഗബാധിതരുമായി സമ്പർക്കമുണ്ടായ ആർക്കും വൈറസ് ബാധയില്ല. 67 പേരുടെ സംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും നിരീക്ഷണം ശക്തമായി തുടരും. ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിച്ച രോഗിയുടെ രണ്ടാം സാംപിൾ നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ചൈനയിൽ നിന്ന് ഡൽഹിയിൽ എത്തിച്ച ആർക്കും കൊറോണ വൈറസ് ബാധയില്ലെന്നും അവർ അറിയിച്ചു.
അതേസമയം, കൊറോണ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വുഹാനിൽ നിന്നുള്ള 10 ഇന്ത്യൻ വിദ്യാർഥികളുടെ യാത്ര ചൈന വിലക്കി. കേന്ദ്ര ആരോഗ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 80 വിദ്യാർഥികൾ ഇനിയും വുഹാനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാർഥികൾക്ക് പുറമേ പാക്കിസ്ഥാനടക്കം മറ്റ് അയൽ രാജ്യങ്ങളിൽ നിന്നുള്ളവരെയും ഇന്ത്യ ചൈനയിൽ നിന്നെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് നിരീക്ഷണത്തിലുള്ളവരിൽ 20 പേരുടെ പരിശോധനാഫലം ഇനിയും പുറത്തുവരാനുണ്ട്. കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് വിദ്യാർഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 645 ഇന്ത്യക്കാരെയാണ് ഇതിനകം ചൈനയിൽ നിന്നെത്തിച്ചത്. ഒന്നരലക്ഷത്തോളം പേരെ പരിശോധിച്ചുവെന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം നേരത്തെ െവളിപ്പെടുത്തിയിരുന്നു.