കാഞ്ഞങ്ങാട്: (www.mediavisionnews.in) കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന സംശയത്തിൽ ജില്ലയിൽ ഇതുവരെ അയച്ചത് 19 സാമ്പിളുകൾ. ജില്ലാ ആസ്പത്രിയിലെ ഐസൊലേഷൻ വാർഡിൽ വൈറസ് ബാധ സ്ഥിരീകരിച്ചതുൾപ്പടെ 14 പേരുടെ പരിശോധനാഫലം വന്നു. 13 പേരുടേതും നെഗറ്റീവ് ആണ്. ഇനി അഞ്ചുപേരുടെ ഫലങ്ങളാണ് വരാനുള്ളത്. രക്തവും തൊണ്ടയിലെ സ്രവവും എടുത്ത് ആലപ്പുഴയിലെ ലാബിലേക്കാണ് അയക്കുന്നത്. ഇവിടെനിന്ന് ആരോഗ്യവകുപ്പിന്റെ പ്രതിനിധി സാമ്പിളുകൾ ലാബിലേക്ക് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്.
നിരീക്ഷണത്തിലുള്ളത് 96 പേരാണ്. വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിയുടെ മാതാപിതാക്കളുടെ സാമ്പിളുകളും ലാബിലേക്കയച്ചിട്ടുണ്ട്. വീടുകളിൽ കഴിയുന്നവരെ ആരോഗ്യവകുപ്പുദ്യോഗസ്ഥർ പ്രത്യേകമായി നിരീക്ഷിച്ചുവരികയാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഇവരിൽ ഉണ്ടെങ്കിലേ ഇവരുടെ സാമ്പിൾ ശേഖരിക്കുന്നുള്ളൂ.
ജില്ലാ ആസ്പത്രിയിൽ പരിശോധനയ്ക്കെത്തിയത് 10 ശതമാനം പേർ
കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിൽ ഒ.പി. വിഭാഗത്തിൽ ബുധനാഴ്ച പരിശോധനയ്ക്കെത്തിയത് 250-ൽ താഴെ പേർ മാത്രം. രണ്ടായിരത്തിലേറെ രോഗികൾ പ്രതിദിനം ചികിത്സതേടുന്ന ആതുരാലയമാണിത്. ഇവിടെ ഐസൊലേഷൻ വാർഡിലെ രോഗിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച ദിവസം വൈകീട്ടോടെ രോഗികൾ കുറഞ്ഞുതുടങ്ങിയതാണ്. രണ്ടാംദിവസം ആകെയെത്തിയത് 600 ഒ.പി. സന്ദർശകർ മാത്രം. മൂന്നാം ദിവസം ഇവിടത്തെ വാർഡുകളും വരാന്തകളും വിജനമായിരുന്നു. അത്യാഹിതവിഭാഗത്തിൽ കിടക്കകളെല്ലാം കാലി. ജീവനക്കാർ അതിജാഗ്രതയോടെയാണ് ജോലിചെയ്യുന്നത്. മാസ്ക് ധരിച്ചു മാത്രമേ പൊതുജനങ്ങളും ജില്ലാ ആസ്പത്രി കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നുള്ളൂ.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക