കൊടുംചൂട്: വെയിലത്തിറങ്ങരുത്; കാസർകോട് ഉൾപ്പെടെ നാല് ജില്ലകൾക്ക് ജാഗ്രതാ നിർദേശം

0
240

തിരുവനന്തപുരം: (www.mediavisionnews.in) വേനലായില്ല, കേരളം ചുട്ടുപൊള്ളുന്നു. നാലു ജില്ലകളില്‍ ഇന്നും നാളെയും നാല് ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ഇതിനിടെ, കോട്ടയത്ത് കനത്ത ചൂടിനെത്തുടർന്ന് ഈരയിൽ കടവ് ബൈപ്പാസിന് സമീപം തീപിടുത്തമുണ്ടായി. ഫയർഫോഴ്സെത്തി തീയണച്ചതിനാൽ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. എന്നാല്‍ വേനലെത്തും മുമ്പേ കേരളം വിയര്‍ക്കുകയാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും കൂടിയ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഗോള താപനത്തിനൊപ്പം പ്രാദേശിക ഘടകങ്ങളും ഈ കാലാവസ്ഥ മാറ്റത്തിന് കാരണമായി.

”നമ്മുടെ അയൽസംസ്ഥാനങ്ങളായ തമിഴ്‍നാടും കർണാടകവും ചൂട് പിടിച്ചിരിക്കുന്ന അവസ്ഥയാണ്. അവിടെ നിന്ന് ചൂട് കാറ്റ് ഇങ്ങോട്ട് വീശുകയാണ്. അതോടൊപ്പം ഇപ്പുറത്ത് നിന്ന് ചൂട് കാറ്റ് ശക്തമായി വീശുന്നതിനാൽ കടൽക്കാറ്റിന്‍റെ സ്വാധീനം കാര്യമായിട്ടില്ല”, എന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. എ സന്തോഷ് പറയുന്നു.

താപനില ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം എന്നിവ ഒഴിവാക്കുന്നതിനായി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ ഉച്ചക്ക് 12-നും 3-നും ഇടക്ക് വിശ്രമം എടുക്കണം. ഇതുള്‍പ്പെടെ, ലേബര്‍ കമ്മീഷണര്‍ പുന:ക്രമീകരിച്ച തൊഴില്‍ സമയ ഉത്തരവ് എല്ലാവരും പാലിക്കണം.

ഒരാഴ്ചക്കു ശേഷം സംസ്ഥാനത്ത് ചെറിയ മഴക്ക് സാധ്യതയുണ്ടെങ്കിലും ചൂടില്‍ ഗണ്യമായ കുറവിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here