ന്യൂഡല്‍ഹി: (www.mediavisionnews.in) ധനമന്ത്രി നിര്‍മല സീതാരാന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി. മറ്റ് രാജ്യങ്ങളില്‍ ആദായനികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്‍.ഐ) നികുതി ചുമതാന്‍ ബജറ്റില്‍ നിര്‍ദ്ദേശം.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ഇത് ബാധിച്ചേക്കും. അവിടെ ആദായനികുതി നല്‍കേണ്ടതില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നത് മലയാളികളായതിനാല്‍ നിയമം കൂടുതല്‍ ബാധിക്കുക ഇവരെയാവും.
വിദേശ രാജ്യങ്ങളില്‍ സ്ഥിര താമസക്കാരല്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍ ലോകത്ത് എവിടെനിന്ന് ലഭിക്കുന്ന വരുമാനത്തിനും ഇന്ത്യയില്‍ നികുതി നല്‍കണമെന്നാണ് നിര്‍ദേശം. നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് (എന്‍.ആര്‍.ഐ) ആയി കണക്കാക്കണമെങ്കില്‍ ഇനി മുതല്‍ 240 ദിവസം ഇന്ത്യക്ക് പുറത്തു കഴിയണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തുന്നുണ്ട്?.
പേഴ്‌സന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) വിഭാഗത്തില്‍ പെടുന്നവര്‍ 120 ദിവസം ഇന്ത്യയില്‍ താമസിച്ചാല്‍ എന്‍.ആര്‍.ഐ ആയി മാറുന്ന തരത്തില്‍ താമസ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ഇത് 182 ദിവസമായിരുന്നു. വര്‍ഷത്തില്‍ നിശ്ചിത ദിവസം എന്ന കണക്കില്‍ പല രാജ്യങ്ങളിലായി മാറിമാറി കഴിയുന്ന ഇന്ത്യക്കാര്‍ ഉണ്ടെന്നും ഇവരെക്കൂടി ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും കേന്ദ്ര റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.
ഇതിനായി ആദായ നികുതി നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യും. നിലവില്‍ എന്‍.ആര്‍.ഐ പദവിയുള്ളവരില്‍ പലരും ആറു മാസത്തോളം ഇന്ത്യയില്‍നിന്ന് ബിസിനസ് ചെയ്ത് വരുമാനമുണ്ടാക്കുമെങ്കിലും ഒരിടത്തും നികുതി നല്‍കാന്‍ ബാധ്യസ്ഥരായിരുന്നില്ല. ഈ അവസ്ഥക്കാണ് മാറ്റം വരുത്തുന്നതെന്ന് പാണ്ഡെ പറഞ്ഞു.
ഇതേ സമയം കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ എന്‍.ആര്‍.ഐകള്‍ക്ക് നിക്ഷേപിക്കാനുള്ള പരിധി ഒമ്പത് ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കാനും ബജറ്റില്‍ പ്രഖ്യാപിച്ചു. വിദേശ ഇന്ത്യാക്കര്‍ക്ക് സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളില്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ഇതവസരം നല്‍കിയിരിക്കുകയാണ്. പ്രഖ്യാപനത്തിലൂടെഇന്ത്യയിലെ പല സുരക്ഷിത നിക്ഷേപങ്ങളിലും അവര്‍ക്ക് വിലക്കുള്ള പശ്ചാത്തലത്തില്‍ ഈ തീരുമാനം എന്‍.ആര്‍.ഐകള്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് തീരുമാനം.