കറൻസി നോട്ട് വരെ കഴുകും; ഭാര്യയുടെ അമിതവൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊന്ന് ജീവനൊടുക്കി

0
231

മൈസൂര്‍: (www.mediavisionnews.in) ഭാര്യയുടെ അമിത വൃത്തിയില്‍ സഹികെട്ട ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കർണാടകയിലെ മൈസൂരിൽ ചൊവ്വാഴ്ചയാണ് സംഭവം. നാൽപ്പതുകാരനായ ശാന്തമൂര്‍ത്തിയാണ് ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

15 വർഷം മുമ്പായിരുന്നു പുട്ടമണിയും ശാന്തമൂര്‍ത്തിയും തമ്മിലുള്ള വിവാഹം. ഇവർക്ക് ഏഴും 12ഉം വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. ദിവസം നിരവധി തവണ പുട്ടമണി കുട്ടികളെ കുളിപ്പിക്കുമായിരുന്നു. ഇതുകാരണം കുട്ടികൾക്ക് രോ​ഗം പിടിപ്പെടാറുണ്ട്. ഭർത്താവ് നൽകിയ കറൻസി നോട്ട് കഴുകിയാണ് പുട്ടമണി ഉപയോഗിക്കാറുള്ളതെന്നും ബന്ധുക്കൾ ആരോപിച്ചു. മറ്റ് മതക്കാരോ ജാതിക്കാരോ തൊട്ട പണമായിരിക്കും എന്ന് പറഞ്ഞാണ് പുട്ടമണി പണം കഴുക്കാറുള്ളതെന്നും ബന്ധുവായ രാജശേഖർ പറഞ്ഞു.

പല തവണ ഭാര്യയുടെ അസ്വഭാവികമായ ഈ സ്വഭാവത്തെക്കുറിച്ച് ശാന്തമൂർത്തി തന്നോട് തുറന്നുപറഞ്ഞിരുന്നു. വൃത്തിയുടെ പേര് പറഞ്ഞ് എപ്പോഴും ശാന്തമൂർത്തിയെ പുട്ടമണി ശല്യപ്പെടുത്താറുണ്ടായിരുന്നു. ശൗചാലയത്തിലോ കാലിത്തൊഴുത്തിലോ പോയാല്‍ മറ്റൊരാള്‍ സ്പര്‍ശിച്ചാൽ പോലും കുളിച്ച ശേഷം മാത്രമേ ഭര്‍ത്താവിനെ പുട്ടമണി വീട്ടില്‍ കയറ്റിയിരുന്നുള്ളുവെന്നും രാജശേഖർ കൂട്ടിച്ചേർത്തു.

സംഭവം നടന്ന ദിവസം ഫാമില്‍വെച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ വാളുപയോഗിച്ച് ശാന്തമൂര്‍ത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടില്‍ തിരിച്ചെത്തിയ ശാന്തമൂര്‍ത്തി മുറിയിലെ സീലിങ്ങിൽക്കെട്ടി തൂങ്ങിമരിച്ചു. സ്കൂൾ വിട്ട് മക്കൾ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകത്തിന്റേയും ആത്മഹത്യയുടെയും ഞെട്ടിക്കുന്ന വിവരം നാട്ടുകാരും ബന്ധുക്കളും അറിയുന്നത്.

പുട്ടമണിയുടെ നിഷ്‌ഠാഭ്രാന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അയൽക്കാരും ബന്ധുക്കളും ആരോപിച്ചു. പുട്ടമണിയെ പോലൊരാളെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് അയൽക്കാരനായ പ്രഭുസ്വാമി പറഞ്ഞു. കഴിഞ്ഞ എട്ടുവർഷമായി കടുത്ത അന്ധവിശ്വാസവും ആചാരങ്ങളുമാണ് പുട്ടമണി പിന്തുടർന്നു പോരുന്നത്. കുളിച്ചതിനുശേഷം മാത്രമേ വീട്ടിലേക്ക് പ്രവേശിക്കാൻ പാടുള്ളൂവെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ അവരുടെ വീട്ടിലേക്ക് പോകാൻ പോലും ഞങ്ങള്‍ ഭയപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെ മുതൽ ദമ്പതികൾ തമ്മിൽ വലിയ വഴക്കിലായിരുന്നു. കുളിക്കുന്നത് സംബന്ധിച്ചായിരുന്നു ഇരുവരും തമ്മിൽ വഴക്കിട്ടത്. നെല്ല് വിറ്റു കിട്ടിയ പണം കഴുകി ഉണക്കാനിച്ചതിനെച്ചൊല്ലിയും ഇരുവരും വഴക്കിട്ടതായും പ്രഭുസ്വാമി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here