മട്ടന്നൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളത്തിൽ 4 പേരിൽ നിന്നായി 1 കോടി 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ വെളുപ്പിനു 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരായ നാദാപുരം സ്വദേശി സഞ്‌ജു ഇല്ലത്ത് (1657 ഗ്രാം), കാസർകോട് സ്വദേശി മാഹിൻ (467 ഗ്രാം), രാവിലെ 5.30നു ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരായ കാസർകോട് സ്വദേശികൾ ജാബിർ (467 ഗ്രാം), ഷർബാസ്( 467 ഗ്രാം) എന്നിവരിൽ നിന്നാണു 3.05 കിലോ സ്വർണം എയർ കസ്റ്റംസ് പിടികൂടിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണ മിശ്രിതം ഒരാൾ അടിവസ്ത്രത്തിനുള്ളിലും മറ്റുള്ളവർ വെജിറ്റബിൾ കട്ടിങ് മെഷീനിലും ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. 4 പേരും ഒരേ ഇടപാടുകാർക്കു വേണ്ടിയാണു സ്വർണം കടത്തിയതെന്നാണു കരുതുന്നത്.
30 ദിവസത്തിനിടെ പിടിച്ചത് 3 കോടിയുടെ സ്വർണം
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു പിടികൂടിയതു 3.02 കോടി രൂപയുടെ സ്വർണക്കടത്ത്. 9 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവർ എല്ലാം യുവാക്കളാണ്. ഇവർക്ക് 20,000 രൂപ മുതൽ 25,000 രൂപ വരെയും യാത്രാ ടിക്കറ്റുമാണ് ഇടപാടുകാരിൽ നിന്നു പ്രതിഫലമായി ലഭിക്കുന്നത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചാണു കൂടുതൽ പേരും സ്വർണം കടത്തുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.