ഇസ്ലാം മത വിശ്വാസികൾക്ക് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിസ്കരിക്കുവാനുള്ള സ്ഥിരമിടം; പൊങ്കാലക്കലങ്ങൾ നിരത്താൻ സൗകര്യമൊരുക്കി നൽകുന്ന മുസ്ലീം പള്ളി: രാജ്യത്തെവിടെയും കാണാത്ത മതസൗഹാർദ്ദത്തിൻ്റെ കാഴ്ചയാണ് വേങ്കമലയിൽ

0
209

തിരുവനന്തപുരം:(www.mediavisionnews.in) വർഗീയതയുടെയും വിഭജിപ്പിൻ്റേയും കാലത്ത് ഒരു സമൂഹം രാജ്യത്തിനു തന്നെ മാതൃകയായിത്തീരുകയാണ്. ഈ കൊച്ചു കേരളത്തിൽ ഒരു കൂട്ടം ആൾക്കാർ ജാതിയും മതവുമില്ലാതെ ആഘോഷങ്ങൾ ഒരുമിച്ച് ആഘോഷിച്ചു തീർക്കുന്നു. തിരുവനന്തപുരം ജില്ലയിൽ മതത്തെയും ജാതിയുടെയും പേരിൽ ജനങ്ങളെ വേർതിരിച്ചു നിർത്തുന്ന ഇക്കാലത്ത് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് മതമൈത്രിയുടെ പ്രതീകമായി നിലകൊള്ളുന്ന ഈ ക്ഷേത്രം കൗതുകമുയർത്തുന്നു. ജാതി മത സമുദായ ഭേദമന്യേ ഏവർക്കും ഏതുസമയവും സ്വാഗതമരുളുക കൂടിയാണ് പ്രസ്തുത ക്ഷേത്രം.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്, മരുതുംമൂട്ടിലുള്ള വേങ്കമല ഭഗവതി ക്ഷേത്രമാണ് വർഗ്ഗീയതയേയും തൊട്ടുകൂടായ്മയേയുമൊക്കെ അകലെ നിർത്തി കേരളത്തിനും, എന്തിന് രാജ്യത്തിനു തന്നെ മാതൃകയാകുന്നത്. ആദിവാസി വിഭാഗക്കാരായ കാണിക്കാർ പുജചെയ്യുന്ന ക്ഷേത്രംകൂടിയാണിത്. ദ്രാവിഡ ആചാരപ്രകാരം പൂജകൾ നടക്കുന്ന ഈ ക്ഷേത്രത്തിൽ ദിനംപ്രതി ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. ആദിവാസികളുടെ തനത് ആചാരങ്ങൾ കൊണ്ട് പ്രസിദ്ധമാണ് ഈ ക്ഷേത്രം.

സർവമത തീർത്ഥാടന കേന്ദ്രമെന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പൂജകൾ അതുപോലെ കമ്മിറ്റി ഇതര കാര്യക്കാരും കാണിക്കാർ തന്നെ. ഉത്സവത്തോടനുബന്ധിച്ച് പ്രചരണം നടത്തുമ്പോൾ ക്ഷേത്രം എന്നതിലുപരി സർവ്വ മത തീർത്ഥാടന കേന്ദ്രമെന്ന പേര് തന്നെയാണ് ഭാരവാഹികൾ ഉപയോഗിക്കുന്നതും. അതു ശരിവയ്ക്കുന്ന തരത്തിൽ ഇതരമതസ്ഥർ ഈ ക്ഷേത്രവുമായി അടുത്ത ബന്ധമാണ് പുലർത്തുന്നതും.

ക്ഷേത്രത്തിലും ഇസ്ലാം മതവിശ്വാസികൾക്ക് നിസ്കരിക്കാനുള്ള ഇടം ഒരുക്കിയിരിക്കുന്നത് സംബന്ധിച്ച് ക്ഷേത്ര സെക്രട്ടറി ആദർശ് പറയുന്നത് ഇങ്ങനെ: ഈ ക്ഷേത്രത്തിലെ ചരിത്രത്തിൽ നൂറ്റാണ്ടുകളായുള്ള ഒരു വസ്തുതയാണ് അത്. ക്ഷേത്രത്തിലെ നല്ല പ്രതിഷ്ഠയായ മുത്തപ്പൻ്റെ അമ്പലത്തിലെ ഉമ്മറത്താണ് ഇതിനുള്ള സൗകര്യം കാലങ്ങളായി ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ക്ഷേത്രത്തിലെ വിവിധ പരിപാടികളിൽ ഇസ്ലാം മതവിശ്വാസികൾ ഉൾപ്പെടെയുള്ള അന്യമതക്കാരുടെ സാന്നിധ്യം കാണാൻ കഴിയും. അത് ഒന്നോ രണ്ടോ പേരിൽ ഒതുങ്ങുന്നതല്ല. ക്ഷേത്രത്തിൻ്റെ ചുറ്റുവട്ടത്ത് താമസിക്കുന്ന നിരവധി ഇതര മതവിശ്വാസികളാണ് ക്ഷേത്ര ആചാരങ്ങളിലും മറ്റു പരിപാടികളിലും പങ്കാളിത്തം കൈക്കൊള്ളുന്നത്. അതുപോലെതന്നെ മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ആൾക്കാരും പങ്കെടുക്കാറുണ്ട്.

കഴിഞ്ഞ റംസാൻ നോമ്പ് സമയത്ത് ഇസ്ലാം മത വിശ്വാസികൾക്കായി ക്ഷേത്രാങ്കണത്തിൽ നോമ്പുതുറ സംഘടിപ്പിച്ചിരുന്നു. അതുപോലെതന്നെ ഉത്സവദിവസം പൊങ്കാല മഹോത്സവത്തിനായി പള്ളി ഭാരവാഹികൾ ഗേറ്റ് തുറന്നു നൽകിയതും വാർത്തയായിരുന്നു. ഇത്തരത്തിൽ മതമൈത്രിയുടെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കുവാൻ കഴിയുന്ന ഒത്തിരി വസ്തുതകൾ ഇവിടെ സംബന്ധിച്ചുണ്ട്.

ക്ഷേത്രത്തിലെ പൊങ്കാല ഉത്സവ സമയത്ത് പൊങ്കാല കലങ്ങള്‍ നിരത്താനായി മുസ്ലീം പള്ളിയിലും സൗകര്യം ഒരുക്കാറുണ്ട്. പരസ്പരം സഹായിച്ചും ഒരുമയോടെ ജീവിച്ചുമാണ് വ്യത്യസ്ത മതവിശ്വാസികള്‍ ഇവിടെ സഹവസിക്കുന്നതെന്നു ഇതരമതസ്ഥരും പറയുന്നു. ആർക്കും പരസ്പരം വെെരമില്ല. ഉള്ളുനിറയെ സ്നേഹം മാത്രം.

ദക്ഷിണകേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആദിവാസി വിഭാഗക്കാരുടെ ക്ഷേത്രമായ വേങ്കമല ക്ഷേത്രത്തിൽ ദിനംപ്രതി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തുന്നത്. ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവരുടെ ആരാധനാരീതികൾക്കും വളരെയേറെ വ്യത്യാസമുണ്ട്. തികച്ചും ദ്രാവിഡ രീതിയിലുള്ള ആരാധനകളാണ് ഇവർ നടത്തുന്നത്. കേരളത്തിലെ ഭൂരിഭാഗം കണ്ടുവരുന്ന ബ്രാഹ്മണ പൂജകൾ നടക്കുന്ന ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഈ ആരാധനാലയങ്ങൾക്ക് ഒത്തിരി വ്യത്യാസമുണ്ട്. ബ്രാഹ്മണർ പൂജിക്കുന്ന ക്ഷേത്രങ്ങളിൽ കാണാത്ത പല ആചാരരീതികളും ഇത്തരം ക്ഷേത്രങ്ങളിൽ കാണാം.

വിളിച്ചുചൊല്ലി പ്രാർത്ഥന, മലദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള കരിക്കേറ് എന്ന ആചാരം, തുള്ളൽ, ഗുരുസി തുടങ്ങിയ ദ്രാവിഡ ആചാരങ്ങളൊക്കെ ഈ ക്ഷേത്രത്തിൽ ഇന്നും കാണുവാൻ കഴിയും. തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് സമീപത്തായി നിരവധി ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here