ആൾക്കൂട്ടത്തിൽനിന്ന് അധികാരത്തിലേക്ക്, വമ്പന്മാരെ കൊമ്പുകുത്തിച്ച ജന’ആധിപത്യം’

0
213

ഡല്‍ഹി: (www.mediavisionnews.in) 2014 ഫെബ്രുവരി 14ന് ആം ആദ്മി പാർട്ടിയുടെ ആദ്യ സർക്കാർ ഡൽഹിയില്‍ രാജി വച്ചപ്പോൾ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞത് ഞങ്ങൾ തിരികെ വരും എന്നായിരുന്നു. കൃത്യം ഒരു വർഷത്തിനുശേഷം അവർ അധികാരത്തിൽ തിരിച്ചെത്തി; 67 സീറ്റുകളുമായി. മൂന്നാം അങ്കത്തിനായി ഡൽഹിയിൽ ഇറങ്ങിയപ്പോഴും കേജ്‍‍രിവാളിനും സംഘത്തിനും വിജയത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസക്കുറവുണ്ടായില്ല. ഡൽഹിയില്‍ ബിജെപിയുടെയും കോൺഗ്രസിന്റെയും ഉൾപ്പെടെ വോട്ടുകൾ ലഭിക്കുമെന്നായിരുന്നു പാർട്ടിയുടെ അവകാശവാദം. അവർ ഇതാ വീണ്ടും അതു നടപ്പാക്കിയിരിക്കുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്.

പുതിയൊരു പാർട്ടിക്ക് ഇന്ത്യയില്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് രാജ്യത്തിനു കാണിച്ചുകൊടുത്തത് ആംആദ്മിയാണ്. ആള്‍ക്കൂട്ടമെന്നു വിളിച്ച് പരിഹസിച്ചവരെ അമ്പരപ്പിച്ചു കൊണ്ട് ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരക്കസേരയില്‍ ആം ആദ്മി പാര്‍ട്ടി ഇരിപ്പുറപ്പിച്ചത് ഇന്ത്യ കണ്ട ഏറ്റവും വലിയ ജന‘ആധിപത്യ’ അഴിമതിവിരുദ്ധ മുന്നേറ്റത്തിലൂടെ. അരവിന്ദ് കേജ്‍രിവാൾ എന്ന ഒറ്റയാന്റെ നേതൃത്വത്തിലാണ് ഇതുവരെയും ആം ആദ്മിയുടെ തേരോട്ടം. പിന്നണിപ്പോരാളികൾ പലരുണ്ടെങ്കിലും ഉയർന്നു കേട്ടത് കേജ്‌രിവാളെന്ന പേരും അദ്ദേഹത്തിന്റെ ജനപ്രിയതയും മാത്രം.

എതിരാളികൾ കളിയാക്കിയ ‘ആൾക്കൂട്ട’ത്തിൽനിന്ന് അധികാരം തുടരുന്ന പാർട്ടിയായി ആം ആദ്മിയുടെ വളര്‍ച്ചയുടെ കഥ ഇങ്ങനെയാണ്–

അഴിമതിക്കെതിരായ പോരാട്ടത്തിൽനിന്നാണ് ആം ആദ്മി പാർട്ടിയുടെ ജനനം. ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ ഗ്രൂപ്പ് (ഐഎസി) എന്ന സംഘടനയ്ക്കുവേണ്ടി അരവിന്ദ് കേജ്‌‍രിവാൾ 2011 കാലത്ത് അണ്ണാ ഹസാരെയ്ക്കും കിരൺ ബേദിക്കുമൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ലോക്പാൽ ബിൽ നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനിടെ അരവിന്ദ് കേജ്‍രിവാളും അണ്ണാ ഹസാരെയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ജൻ ലോക്പാൽ മൂവ്മെന്റ് നിക്ഷ്പക്ഷരായി നിൽക്കണമെന്ന് ഹസാരെ വാദിച്ചപ്പോൾ രാഷ്ട്രീയ നിലപാടുകൾ അനിവാര്യമാണെന്നായിരുന്നു കേജ്‍രിവാളിന്റെ പക്ഷം. കേജ്‍രിവാളിനെ ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും പിന്തുണച്ചപ്പോൾ കിരണ്‍ ബേദി, സന്തോഷ് ഹെഗ്ഡെ എന്നിവര്‍ എതിര്‍ത്തു.

മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ 2011 ഒക്ടോബർ രണ്ടിന് കേജ്‌‍രിവാൾ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയാണെന്നു പ്രഖ്യാപിച്ചു. 2012 നവംബർ 26ന് ആം ആദ്മി പാർട്ടി സ്ഥാപിച്ചു. സാധാരണക്കാരന്റെ പാർട്ടിയെന്നായിരുന്നു നേതാക്കൾ എഎപിയെ വിളിച്ചത്. 2013 ഡിസംബർ നാലിനാണ് പാർട്ടി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിൽ. മൂന്നു തവണ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെതിരെ ന്യൂഡല്‍ഹി സീറ്റിൽ മത്സരിച്ച േകജ്‍രിവാൾ ആദ്യ പോരാട്ടത്തില്‍ത്തന്നെ വിജയം കുറിച്ചു. ഡിസംബർ 28ന് കോൺഗ്രസ് പിന്തുണയോടെ ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിലേറി. കേജ്‍രിവാൾ മുഖ്യമന്ത്രിയായി. 49 ദിവസം മാത്രമായിരുന്നു ഈ സർക്കാരിന്റെ കാലാവധി. 2013 ഫെബ്രുവരിയിൽ കേജ്‍രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെയായിരുന്നു രാജി.

മോദിയോടു തോറ്റു, 2015 ൽ വീണ്ടും അധികാരം

രാജിവച്ച കേജ്‍രിവാൾ 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചു. എന്നാൽ നാലു ലക്ഷത്തോളം വോട്ടുകൾക്കു പരാജയപ്പെട്ടു. 9 മാസത്തെ ഗവർണർ ഭരണത്തിനു ശേഷം ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷൻ പിരിച്ചുവിട്ടു വീണ്ടും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. തന്ത്രങ്ങളൊരുക്കി കേജ്‍രിവാൾ വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങി. 62‌ സ്ഥാനാർഥികളുടെ പട്ടിക ആദ്യം പുറത്തിറക്കിയ ആം ആദ്മി പാർട്ടി പിന്നീടു ശേഷിക്കുന്ന എട്ട് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.

പൊതുജനങ്ങളിൽനിന്ന് ഫണ്ട് സ്വരൂപിച്ചായിരുന്നു പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണം. സമൂഹമാധ്യമങ്ങളിൽ കേജ്‌രിവാളിന്റെ ജനപ്രിയത കുത്തനെ വർധിച്ചത് ഈ കാലഘട്ടത്തിലാണ്. ഫലം വന്നപ്പോൾ 70ൽ 67 സീറ്റും ആം ആദ്മി പാർട്ടി പിടിച്ചെടുത്തു. ബിജെപി ശേഷിക്കുന്ന മൂന്ന് സീറ്റുകളിലൊതുങ്ങി. കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിച്ചില്ല. ന്യൂ‍ഡ‍ൽഹി സീറ്റിൽ ബിജെപിയുടെ നൂപുർ ശർമയെ 31,583 വോട്ടുകൾക്കാണ് കേജ്‌‍രിവാൾ തോൽപിച്ചത്. 2015 ഫെബ്രുവരി 14ന് രാംലീല മൈതാനത്തു നടന്ന പരിപാടിയിൽ ഡൽഹി മുഖ്യമന്ത്രിയായി കേജ്‍രിവാൾ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കോൺഗ്രസിന്റെ ചാരത്തിൽനിന്ന് ഉയർന്ന പാർട്ടി

തോൽവിയുടെ തീയിൽ കത്തിയമര്‍ന്ന കോൺഗ്രസിന്റെ ചാരത്തിൽനിന്നാണ് ആം ആദ്മി പാർട്ടി 2015ൽ അധികാരമേറിയത്. അഴിമതിയെ അടിച്ചുപുറത്താക്കാൻ കേജ്‍രിവാളും സംഘവും ചൂലെടുത്തു ഡൽഹി തെരുവുകളിൽ ഇറങ്ങിയപ്പോൾ സത്യത്തിൽ പുറത്തായത് കോണ്‍ഗ്രസായിരുന്നു. പ്രതിപക്ഷമായ ബിജെപി മൂന്നു സീറ്റുകളിൽ പിടിച്ചുനിന്ന് സാന്നിധ്യം അറിയിച്ചു. കോൺഗ്രസ് സർക്കാരുകളുടെ ഭരണത്തിൽ ഡൽഹി ജനത അത്രയേറെ അസ്വസ്ഥരായിരുന്നെന്നതാണു സത്യം.

2008 ൽ 70 അംഗ നിയമസഭയിൽ 43 സീറ്റുകൾ നേടിയാണ് കോൺഗ്രസിന്റെ ഷീലാ ദീക്ഷിത് ഡൽഹിയിൽ അധികാരത്തിലെത്തിയത്. 40.13 ശതമാനം വോട്ട് കോൺഗ്രസ് നേടിയപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതാ മുഖ്യമന്ത്രിയായി ഷീലാ ദീക്ഷിത്. 1998 മുതൽ 2013 വരെ അവര്‍ ഡൽഹി ഭരിച്ചു. പക്ഷേ ഷീല ദീക്ഷിത്തിനു കീഴിൽത്തന്നെ കോൺഗ്രസ് തകരുന്ന കാഴ്ചയാണ് ഡൽഹിയിൽ പിന്നീടു കണ്ടത്. ഡൽഹിയിലും കേന്ദ്രത്തിലും നേതാക്കൾ അഴിമതിയാരോപണങ്ങളിൽപെട്ടതു പാർട്ടിക്കു തിരിച്ചടിയായത്. ഡൽഹിയിലെ വോട്ടർമാർക്ക് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടമായി.

2010 കോമൺവെൽത്ത് ഗെയിംസ്, ടു ജി സ്പെക്ര്ടം, കൽക്കരി ഇടപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടു കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാര്‍ അഴിമതി നിഴലിലായ കാലമായിരുന്നു അത്. അഴിമതി വിരുദ്ധ സമരങ്ങളുമായി കേജ്‍രിവാളും അണ്ണാ ഹസാരെയും സജീവമായതോടെ ഡൽഹി തെരുവുകൾ കോൺഗ്രസിനെതിരായ പടക്കളമായി. 2013ൽ ഡൽഹിയിലെ പുതുതരംഗമായി കേജ്‍രിവാളും എഎപിയും. തൂക്കു സഭയായിരുന്ന 2013 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് ശതമാനം 24.67 ആയി കുറഞ്ഞു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നെങ്കിലും കോൺഗ്രസിന്റെ പിന്തുണ നേടി ആം ആദ്മി പാർട്ടി ആദ്യമായി ഡൽഹിയിൽ സർക്കാരുണ്ടാക്കി. തൊട്ടുപിന്നാലെ രാജിവച്ചു. 2015 തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ലാതായി. അവരുടെ വോട്ട് ശതമാനം 9.7 ആയി കുറഞ്ഞു. 2020 ൽ വീണ്ടും തിരഞ്ഞെടുപ്പു നടന്നപ്പോഴും ഡൽഹിയിൽ ഉയർത്തെഴുന്നേൽപ് ഇല്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്. അതു കാണിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

വിജയിക്കാന്‍ കാരണങ്ങൾ ഏറെ

കേജ്‍രിവാളിന് മൂന്നാം തവണയും അധികാരം പിടിക്കാൻ അവകാശവാദങ്ങൾക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നില്ല. സർക്കാർ കഴിഞ്ഞ കാലഘട്ടങ്ങളിൽ ഡൽഹിയിൽ ചെയ്ത കാര്യങ്ങള്‍ അത്രയേറെയുണ്ട് പറയാൻ. ഇതെല്ലാം അവർ ഭംഗിയായി ജനങ്ങളിലെത്തിച്ചു, ചർച്ചയാക്കി, വിജയിച്ചു. എതിരാളികൾ രാഷ്ട്രീയ ആരോപണങ്ങൾ ഉയർത്തിയപ്പോൾ വികസനം എന്ന ഒറ്റ അജൻഡയായിരുന്നു ആം ആദ്മിയുടെ ആയുധം. പറയുന്നതു നടപ്പാക്കാൻ സാധിക്കുമെന്നു തെളിയിച്ചുകഴിഞ്ഞ കേജ്‍രിവാളിന്റെ പ്രകടന പത്രികയിൽ ഡൽഹിയിലെ ജനം വിശ്വാസം അര്‍പ്പിച്ചതിൽ ആർക്കും അദ്ഭുതമുണ്ടാകില്ല.

ആം ആദ്മിയെ ജനപ്രിയമാക്കിയ ചില പ്രഖ്യാപനങ്ങൾ

വിദ്യാഭ്യാസത്തിനുള്ള വിഹിതം 6000 കോടി രൂപയിൽനിന്ന് 15,600 കോടി രൂപയായി ഉയർത്തി.

സർക്കാർ സ്കൂളുകളിൽ 20,000 പുതിയ ക്ലാസ് മുറികൾ നിർമിച്ചു. 12–ാം ക്ലാസ് വിജയിച്ച ഒരു കുട്ടിയും പണമില്ലാത്തതിനാൽ ഉപരിപഠനത്തിനു പോകാതിരിക്കരുത് എന്നാണ് സർക്കാർ നിലപാട്.

ആരോഗ്യത്തിനുള്ള വിഹിതം 3500 കോടിയിൽനിന്ന് 7500 കോടിയാക്കി.

നഗരത്തിൽ ഒട്ടേറെ ആരോഗ്യ ക്ലിനിക്കുകൾ സ്ഥാപിച്ചു. ഇവിടെ വളരെക്കുറഞ്ഞ നിരക്കിൽ ടെസ്റ്റുകൾ നടത്താം.

200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗം സൗജന്യമാക്കി. 201 മുതൽ 400 യൂണിറ്റ് വരെ നിരക്ക് പകുതിയാക്കി.

ഒരു മാസം 20,000 ലീറ്റർ വരെ വെള്ളം സൗജന്യം.

വനിതകൾക്കു ബസിൽ സൗജന്യ യാത്ര.

ചേരികൾ, അനധികൃത കോളനികൾ എന്നിവയ്ക്കായി 10000 പൊതു ശുചിമുറികൾ നിർമിച്ചു നൽകി. 1000 മലിനജല സംസ്കരണ പ്ലാന്റുകളുടെ നിർമാണം

പൊതുമരാമത്തു വകുപ്പു നിയന്ത്രണത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here