അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവെച്ചു

0
185

ദോഹ (www.mediavisionnews.in):അമേരിക്കയും താലിബാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. ദോഹയില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഇരുവരും കരാര്‍ ഒപ്പിട്ടത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തിന്റ എണ്ണം കുറക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ തീരുമാനമായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടു വര്‍ഷമായി തുടര്‍ന്നു വരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറൊപ്പിടുന്നത്. അഫ്ഗാന്‍, അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കൊപ്പം യു.എന്‍, ഇന്ത്യ, പാക് പ്രതിനിധികളും താലിബാനുമായുള്ള ചര്‍ച്ചയില്‍ പങ്കാളികളായിരുന്നു. 135 ദിവസം കൊണ്ട് സൈന്യത്തിന്റെ എണ്ണം 8,600 ആയി ചുരുക്കും. പതിനാല് മാസം കൊണ്ട് അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും മേഖലയില്‍ നിന്നും പിന്‍വലിക്കുമെന്നും അമേരിക്ക അറിയിച്ചു.

നേരത്തെ, അഫ്ഗാനിലെ നീണ്ട പത്തൊമ്പത് വര്‍ഷം നീണ്ട അമേരിക്കന്‍ ദൗത്യത്തിന് ശേഷം രാജ്യത്ത് വലിയ പുരോഗതിയുണ്ടാക്കാനായി. എന്നാല്‍ അമേരിക്കക്ക് അതിന് വലിയ വിലകൊടുക്കേണ്ടി വന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. പുതിയ ഭാവിക്കും സമാധാനത്തിനുമായി ഈ അവസരം ഉപയോഗിക്കണമെന്നും ട്രംപ് അഫ്ഗാന്‍ ജനതയോട് ആവശ്യപ്പെട്ടു.

അഫ്ഗാനില്‍ നിന്നും സൈന്യത്തെ തിരികെ കൊണ്ടുവരുമെന്ന് താന്‍ അമേരിക്കക്ക് വാക്ക് നല്‍കിയിരുന്നുവെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കരാറിന് സാക്ഷിയായി സന്നിഹിതനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here