ബെംഗളൂരു: (www.mediavisionnews.in) അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എന്‍.എ.ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് പോലീസിന് മുന്നില്‍ ഹാജരായി. ബെംഗളൂരുവിലെ സദാശിവനഗര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായ അദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍വിട്ടു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
അപകടമുണ്ടാക്കിയ ആഡംബര കാറായ ബെന്റ്‌ലി ഓടിച്ചത് താനല്ലെന്നാണ് മുഹമ്മദ് നാലപ്പാട് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. സംഭവസമയം താന്‍ ലംബോര്‍ഗിനിയിലാണ് സഞ്ചരിച്ചതെന്നും ബെന്റ്‌ലി ഓടിച്ചത് താനാണെന്നതിന് തെളിവില്ലെന്നും മുഹമ്മദ് പറഞ്ഞു.
‘അപകടമുണ്ടാക്കിയ കാറിന് മുന്നിലായാണ് ഞാന്‍ സഞ്ചരിച്ച ലംബോര്‍ഗിനി ഉണ്ടായിരുന്നത്. ബെന്റ്‌ലി ഓടിച്ചത് ഞാനല്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ്. ഞാന്‍ നിരപരാധിയാണ്. നേരത്തെയുണ്ടായ സംഭവങ്ങളെല്ലാം എന്റെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാക്കിയെന്ന് നിങ്ങള്‍ക്ക് കാണാം. ഈ കേസില്‍ എനിക്കെതിരെ ഒരു തെളിവുമില്ല’- മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുഹമ്മദ് നാലാപ്പാടാണ് കാറോടിച്ചതെന്ന് ബെംഗളൂരു പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാത്രമല്ല, ദൃക്‌സാക്ഷികളുടെ മൊഴികളും ഇയാള്‍ക്കെതിരായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് മുഹമ്മദ് നാലപ്പാട് ഓടിച്ചതെന്ന് പറയുന്ന ബെന്റ്‌ലി കാര്‍ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. 2018-ല്‍ ബെംഗളൂരുവിലെ ഒരു പബ്ബില്‍വെച്ച് യുവാവിനെ മര്‍ദിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് മുഹമ്മദ് നാലപ്പാട്. 2018-ലെ കേസില്‍ 116 ദിവസമാണ് എംഎല്‍എയുടെ മകന്‍ ജയിലില്‍ കിടന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.