ദില്ലി(www.mediavisionnews.in): കര്‍ണാടകയിലെ കമ്പള കാളയോട്ട മത്സരത്തില്‍ ശ്രീനിവാസ ഗൗഡയെന്ന 28കാരന്‍ 100 മീറ്റര്‍ ദൂരം ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പം 9.55 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ ഇന്ത്യന്‍ ബോള്‍ട്ടെന്ന വിളിയുമായി ആരാധകര്‍ ഒപ്പം കൂടി. പിന്നാലെ സായി ശ്രീനിവാസയെ ട്രയല്‍സിനും ക്ഷണിച്ചു. ഇന്ന് ശ്രീനിവാസ് ഗൗഡയുടെ റെക്കോര്‍ഡ് മറികടന്ന് മറ്റൊരു കമ്പള ഓട്ടക്കാരന്‍ കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള ബജഗോലി സ്വദേശിയായ നിശാന്ത് ഷെട്ടി പുതിയ റെക്കോര്‍ഡുമിട്ടു.
കമ്പളയില്‍ ഓരോ ദിവസും പുതിയ ബോള്‍ട്ടുമാര്‍ പിറവിയെടുക്കുമ്പോള്‍ ആരാധകര്‍ മറക്കരുതാത്ത ഒരു പേരുണ്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പ് നഗ്നപാദനായി 100 മീറ്റര്‍ ദൂരം 11 സെക്കന്‍ഡില്‍ ഓടിയെത്തി സമൂഹമാധ്യമങ്ങളില്‍ താരമായ രമേശ്വര്‍ ഗുര്‍ജാറെന്ന ഭോപ്പാലുകാരന്റെ. പൊടിനിറഞ്ഞ ചെമ്മണ്‍ പാതയിലൂടെ 24കാരനായ ഗുര്‍ജാര്‍ 100 മീറ്റര്‍ ദൂരം 11 സെക്കന്‍ഡില്‍ ഓടി ഫിനിഷ് ചെയ്തതോടെ ആ ഓട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
അന്നും കേന്ദ്ര കായിക മന്ത്രി നേരിട്ട് ഇടപെടുകയും ഗുര്‍ജാറിനെ സായി ട്രയല്‍സിന് ക്ഷണിക്കുകയും ചെയ്തു. സായിയുടെ ട്രയല്‍സില്‍ പങ്കെടുത്ത ഗുര്‍ജാറിന് പിന്നീട് എന്തുസംഭവിച്ചുവെന്ന് മാത്രം ആരാധകരോ സമൂഹമാധ്യമങ്ങളോ അറിഞ്ഞില്ല. അന്ന് ഭോപ്പാലിലെ ടിടി സ്റ്റേഡിയത്തില്‍ സായിയുടെ 100 മീറ്റില്‍ ട്രയല്‍സില്‍ പങ്കെടുത്ത ഗുര്‍ജാര്‍ 12.9 സെക്കന്‍ഡില്‍ ഏറ്റവും അവസാന സ്ഥാനക്കാരനായാണ് ഫിനിഷ് ചെയ്തത്. തുടര്‍ന്ന് ഗുര്‍ജാറിന് മറ്റൊരു ദിവസം വീണ്ടുമൊരു അവസരം കൂടി നല്‍കിയെങ്കിലും 13-14 സെക്കന്‍ഡിലാണ് ഗുര്‍ജാറിന് ഫിനിഷ് ചെയ്യാനായത്.
സ്പൈക്സ് ധരിച്ച് സിന്തറ്റിക്ക് ട്രാക്കില്‍ ഓടി പരിചയമില്ലാത്തതാണ് തനിക്ക് മികച്ച സമയം കുറിക്കാന്‍ തടസമായതെന്ന് ഗുര്‍ജാര്‍ അന്ന് പറഞ്ഞിരുന്നു. ട്രാക്കിലെ ഓട്ടവും ചളിപ്പാടത്തും റോഡിലുമുള്ള ഓട്ടവും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്ന് ചുരുക്കം. സ്വാഭാവിക സാഹചര്യത്തില്‍ ഇവര്‍ പുറത്തെടുക്കുന്ന പ്രകടനങ്ങളെ സിന്തറ്റിക്ക് ട്രാക്കില്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ സ്പ്രിന്റര്‍മാര്‍ നടത്തുന്ന പ്രകടനവുമായി ഒരിക്കലും താരതമ്യം ചെയ്യാനാവില്ല.