മൂഡബദ്രി: (www.mediavisionnews.in) ശ്രദ്ധേയമായ വ്യക്തിത്വങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്നയാളാണ് ആനന്ദ് മഹീന്ദ്ര. ഇപ്പോൾ ഉസൈന്‍ ബോള്‍ട്ടിന്റെ വേഗതയെ തോല്‍പിച്ച കര്‍ണാടകയിലെ പോത്തോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡയെയും ആനന്ദ് മഹീന്ദ്ര തേടിയെത്തിയിരിക്കുകയാണ്.
”അദ്ദേഹത്തിന്റെ ശരീരം നോക്കൂ, അസാധാരണമായ അത്‌ലറ്റിക് കഴിവ് അദ്ദേഹത്തിനുണ്ട്. കിരൺ റിജ്ജു മുൻകൈയ്യെടുത്ത് 100 മീറ്റർ ഓട്ടത്തിൽ അദ്ദേഹത്തെ പരിശീലിപ്പിക്കുകയോ, കാളയോട്ടത്തെ ഒളിംപിക് ഇനമാക്കുകയോ വേണം. എന്തായാലും ശ്രീനിവാസയിലൂടെ നമുക്കൊരു സ്വര്‍ണമെഡല്‍ വേണം”, ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നതര്‍ ശ്രീനിവാസ ഗൗഡയെ നേരില്‍ കാണും. അദ്ദേഹത്തെ കായിക ക്ഷമതാ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും കിരൺ റിജ്ജു ആനന്ദ് മഹീന്ദ്രയ്ക്ക് മറുപടി നൽകിയിട്ടുണ്ട്.
കർണാടകത്തിൽ വർഷം തോറും നടത്തപ്പെടുന്ന പോത്ത് ഓട്ട മത്സരമായ കംബാളയിൽ വിജയിയായ ശ്രീനിവാസ ഗൗഡയാണ് പകൽ ഇരുട്ടിവെളുത്തപ്പോൾ താരമായത്. 142.50 മീറ്റർ ദൂരം വെറും 13.62 സെക്കന്റിലാണ് ഇയാൾ ഫിനിഷ് ചെയ്തത്.
28കാരനായ ശ്രീനിവാസ ഗൗഡ പരമ്പരാഗത പോത്ത് മത്സരങ്ങളിലെ 30 വർഷം പഴക്കമുള്ള റെക്കോർഡാണ് തകർത്തത്. ഇതോടെയാണ് 100 മീറ്റർ ദൂരം 9.58 സെക്കന്റിൽ ഓടി ലോക റെക്കോർഡിനുടമയായ ഉസൈൻ ബോൾട്ടിനോട് ഗൗഡയെ താരതമ്യം ചെയ്യാൻ തുടങ്ങിയത്.
സിന്തറ്റിക് ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് തീര്‍ത്ത 100 മീറ്ററിന്റെ മിന്നല്‍ വേഗത്തെയാണ് ചെളിക്കണ്ടത്തിലെ ട്രാക്കില്‍ ഈ കന്നഡക്കാരന്‍ പിന്നിലാക്കിയത്.
142.50 മീറ്റർ 13.62 സെക്കന്റിൽ ഓടിയെത്തിയെങ്കിൽ 100 മീറ്റർ ഗൗഡ എത്ര സമയം കൊണ്ടാകും ഫിനിഷ് ചെയ്തിരിക്കുക എന്ന ചർച്ചകളാണ് പിന്നീട് നടന്നത്. അങ്ങനെ കണക്ക് കൂട്ടിയെടുത്തപ്പോൾ ഗൗഡ ബോൾട്ടിനെക്കാൾ 0.3 സെക്കന്റ് വേഗതയിലാണ് ഓടിയതെന്ന് കണ്ടെത്തി.
ഗൗഡ ഒരു ജോടി പോത്തുകൾക്കൊപ്പമാണ് ഓടിയെത്തിയത്. അതുകൊണ്ടുതന്നെ ബോൾട്ടിന്റെയും ഗൗഡയുടെയും റെക്കോർഡുകൾ താരതമ്യം ചെയ്യാനാകില്ല. എന്നാൽ ഗൗഡ ഓടിയത് ചെളിനിറഞ്ഞ നിലത്തിലായിരുന്നുവെന്നത് കൂടി കണക്കിലെടുക്കണം. ട്രാക്കിലെയും നിലത്തെയും വേഗതയും വ്യത്യസ്തമായിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഗൗഡയുടെ നേട്ടം അവിസ്മരണീയം തന്നെയാണ്.
ഉഴുതുമറിച്ച വയലിലൂടെ പോത്തുകളെ മത്സരിച്ചോടിക്കുന്ന പരമ്പരാഗത ഉത്സവമാണ് കംബാള. കേരളത്തിലെ കാളയോട്ടത്തിന് സമാനമായി, ഉഴുതുമറിച്ച വയലിലൂടെ പോത്തുകളെ മത്സരിച്ചോടിക്കുന്ന ഇത് നവംബർ മാസം മുതൽ മാർച്ച് വരേയാണ് സാധാരണ നടത്തി വരാറുള്ളത്.
മംഗളൂരു- ഉഡുപ്പി മേഖലകളിലെ വയൽപ്പാടങ്ങളിലാണ് മത്സരം നടക്കുക. നിരവധി ഗ്രാമങ്ങൾ കംബാള സംഘടിപ്പിക്കാറുണ്ട്. ഏറ്റവും മികച്ച പരിശീലനം നൽകിയ പോത്തുകളുമായി നൂറുകണക്കിന് യുവാക്കളാണ് മത്സരത്തിനെത്തുക.
ഗൗഡയുടെ അതിവേഗ ഓട്ടത്തിന് സാക്ഷ്യം വഹിച്ച നാട്ടുകാർ, പരമ്പരാഗത മത്സരത്തെ അതിന്റെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നത് ഗൗഡയുടെ മുഖഭാവങ്ങളിൽ ദൃശ്യമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. മത്സരത്തിന് പിന്നാലെ വാർത്തകളിൽ ഇടംനേടിയതിന്റെ അത്ഭുതത്തിലാണ് ശ്രീനിവാസ ഗൗഡ. ‘ഞാൻ കംബാളയെ ഏറെ ഇഷ്ടപ്പെടുന്നു. ഈ വിജയത്തിന്റെ പങ്ക് എന്റെ രണ്ട് പോത്തുകൾക്ക് കൂടി അവകാശപ്പെട്ടതാണ്. അവർ നന്നായി ഓടി. ഞാൻ അവരെ പിന്തുടർന്ന് ഓടി അല്ലെങ്കിൽ ഓടിച്ചു’- ഗൗഡ പറയുന്നു.
വേഗത്തിൽ ഓടാനായി പോത്തുകളെ മത്സരാർഥി ക്രൂരമായി മര്‍ദിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നീട് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കംബാള നടത്തുന്നതിനായി പ്രത്യേക നിയമനിര്‍മാണം നടത്തി. ചില കംബാളകളിൽ ലക്ഷങ്ങളാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.