ദുബായ് (www.mediavisionnews.in) : സൂപ്പർ ഓവർ നടത്തിപ്പിലെ വിവാദ നിയമത്തിൽ മാറ്റം വരുത്തി ഐസിസി. ഇനി മുതൽ സൂപ്പർ ഓവറും സമനിലയായാൽ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയിയെ പ്രഖ്യാപിക്കില്ല. പകരം വിജയികളെ കണ്ടെത്തുന്നതുവരെ സൂപ്പർ ഓവർ നടത്തണമെന്നതാണ് പുതിയ മാറ്റം. ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ത്രിരാഷ്ട്ര പരമ്പര മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ കിരീട ജേതാക്കളെ തീരുമാനിച്ചത് ബൗണ്ടറികളുടെ എണ്ണം നോക്കിയായിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ നടന്ന ഫൈനൽ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് വിജയികളെ കണ്ടെത്തുന്നതിന് സൂപ്പർ ഓവർ നടത്തിയെങ്കിലും അതും സമനിലയിൽ കലാശിക്കുകയായിരുന്നു. പിന്നീട് ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യ സൂപ്പര്‍ ഓവറില്‍ പുറത്തായ ബാറ്റ്‌സ്മാന്മാര്‍ക്ക് അടുത്ത സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. ഒപ്പം ആദ്യ സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞ ബൗളര്‍ക്ക് തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ പന്തെറിയാനും കഴിയില്ല. അതേസമയം, ഒരു മത്സരത്തില്‍ എത്ര സൂപ്പര്‍ ഓവറുകള്‍ വരെ നടത്താമെന്ന് ഐസിസി കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.