വാട്‌സാപ്പ് ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്കുകള്‍ സ്വകാര്യതയ്ക്ക് ഭീഷണിയോ? വാര്‍ത്തകളുടെ യാഥാര്‍ഥ്യമെന്ത്?

0
226

ബംഗളൂരു: (www.mediavisionnews.in) വാട്‌സാപ്പ് ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചുകളില്‍ നിന്നും വളരെ എളുപ്പം കണ്ടെത്താമെന്നും അജ്ഞാതരായ ആളുകള്‍ ഗ്രൂപ്പുകളിലേക്ക് കടന്നുകയറാനും ഇടയാക്കുന്നുവെന്നും ഇത് വാട്‌സാപ്പിന്റെ സുരക്ഷാവീഴ്ചയാണെന്നുമുള്ള തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകള്‍ വരുന്നുണ്ട്.

യഥാര്‍ത്ഥത്തില്‍ എന്താണ് വാട്‌സാപ്പ് ഗ്രൂപ്പ് ലിങ്കുകളുടെ പ്രശ്‌നം?

വാട്‌സാപ്പ് ചാറ്റുകള്‍ സമ്പൂര്‍ണ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്ന ഒന്നാണെന്നുള്ള ധാരണ അടിസ്ഥാന പരമായി തെറ്റാണ് എന്ന് ആദ്യം തിരിച്ചറിയുക. വാട്‌സാപ്പിന് പരിമിതികള്‍ ഏറെയുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റുകള്‍ പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരുണ്ട്. പരിചയമുള്ള സുഹൃത്തുക്കള്‍ അംഗങ്ങളായ ക്ലോസ്ഡ് ഗ്രൂപ്പുകള്‍ മാത്രമല്ല. അപരിചിതരായ ആളുകള്‍ക്ക് അംഗമാകാന്‍ കഴിയുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

നിങ്ങള്‍ ഉണ്ടാക്കിയ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് വാട്‌സാപ്പ് ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ നിര്‍മിക്കുന്നത്. ഈ ലിങ്കുകള്‍ വാട്‌സാപ്പ് തന്നെ തയ്യാറാക്കി നല്‍കുന്നതാണ്. ഈ ലിങ്കുകള്‍ മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വഴി സുഹൃത്തുക്കള്‍ അയച്ചുകൊടുക്കാം.

ലിങ്കുകളിലേക്കുള്ള ട്രാഫിക്ക് വരുന്നത് സെര്‍ച്ച് എഞ്ചിനുകള്‍ വഴിയാണ്. സ്വാഭാവികമായും ഈ ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്റക്‌സ് ചെയ്യപ്പെടുന്നു. ലിങ്ക് ഓണ്‍ലൈനില്‍ പരസ്യമായി നില്‍ക്കുന്നു. നിങ്ങള്‍ സ്വകാര്യ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഗ്രൂപ്പുകളിലേക്ക് ഈ ലിങ്കുകള്‍ വഴി പുറത്തുനിന്നുള്ളവര്‍ക്ക് വരാന്‍ കഴിയും.

വാട്‌സാപ്പ് ഗ്രൂപ്പ് ലിങ്കുകള്‍ അങ്ങനെ തന്നെയാണ്?

വാട്‌സാപ്പിന്റെ സുരക്ഷാ വീഴ്ചയല്ല ഇത് എന്ന് മനസിലാക്കുക. വാട്‌സാപ്പ് ലിങ്കുകള്‍ പരസ്യമാക്കി നിര്‍ത്തുക എന്നത് കമ്പനിയുടെ തന്നെ തീരുമാനമാണ്.ട്വിറ്റര്‍ ഉപയോക്താവായ @heckerzvijay ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കിന് പരാതി നല്‍കിയിരുന്നുവെങ്കിലും. ഇത് ഒരു സുരക്ഷാ വീഴ്ചയല്ലെന്നും ലിങ്കുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നത് കമ്പനിയുടെ തന്നെ തീരുമാനമാണ് എന്ന മറുപടിയാണ് കിട്ടിയത്.

വാട്‌സാപ്പ് ഗ്രൂപ്പിന്റെ പ്രൊഫൈല്‍ പേജില്‍ ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് നിര്‍മിക്കാനുള്ള ഓപ്ഷന്‍ കാണാം. ഇത് ക്ലിക്ക് ചെയ്താല്‍ ആ ഗ്രൂപ്പിന്റെ ഇന്‍വൈറ്റ് ലിങ്ക് കാണാം. അത് നേരിട്ട് സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. അതായത് പാതുമധ്യത്തില്‍ പങ്കുവെക്കുന്നതിന് വേണ്ടി തന്നെയാണ് ഇന്‍വൈറ്റ് ലിങ്കുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

Invite Link

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വിതരണം ചെയ്യുന്ന വെബ്‌സൈറ്റുകള്‍

വാട്‌സാപ്പ് ഗ്രൂപ്പ് ലിങ്കുകള്‍ ആളുകള്‍ക്ക് എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്ന വിവിധ വെബ്‌സൈറ്റുകള്‍ ഓണ്‍ലൈനിലുണ്ട്. വിവിധ ഫാന്‍ ഗ്രൂപ്പുകളും, ട്രോള്‍/തമാശ ഗ്രൂപ്പുകളും, സിനിമാ കൂട്ടായ്മകളും, സാഹിത്യ കൂട്ടായ്മകളും നിര്‍മിച്ച വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ ചില വെബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമാണ്. ഇതൊടൊപ്പം പോണ്‍ വീഡിയോകള്‍ പങ്കുവെക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളും ഉണ്ടാവാറുണ്ട്.

ഗ്രൂപ്പിന്റെ സ്വകാര്യത

ഇന്‍വിറ്റേഷന്‍ ഗ്രൂപ്പുകള്‍ പൊതുമധ്യത്തില്‍ ലഭ്യമാക്കിയ ഗ്രൂപ്പ് അംഗങ്ങള്‍ ആ ഗ്രൂപ്പില്‍ സ്വകാര്യതയുണ്ടാവണമെന്ന് ശഠിച്ചിട്ട് കാര്യമില്ല. അത് ഒരിക്കലും ഉറപ്പിക്കാനാവില്ല. വാട്‌സാപ്പ് ചാറ്റുകള്‍ എന്‍ക്രിപ്റ്റഡ് ആണെങ്കിലും അതിലെ ഉള്ളടക്കങ്ങള്‍ ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും പുറത്ത് പോവാന്‍ സാധ്യതയുണ്ട്.

ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ പിന്‍വലിക്കാവുന്നതാണ്

ഒരിക്കല്‍ നിര്‍മിച്ച വാട്‌സാപ്പ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ ആവശ്യം കഴിഞ്ഞ് പിന്‍വലിക്കാവുന്നതാണ്. ലിങ്ക് റീവോക്ക് ചെയ്യാനും പകരം പുതിയത് വെക്കാനും വാട്‌സാപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പുതിയ ലിങ്ക് നിര്‍മിച്ചു കഴിഞ്ഞാല്‍ പഴയത് പ്രവര്‍ത്തന രഹിതമാവും. ആ ലിങ്ക് വഴി പിന്നീടാര്‍ക്കും ആ ഗ്രൂപ്പില്‍ അംഗമാവാന്‍ സാധിക്കില്ല. അപ്പോള്‍ മറ്റുള്ളവരെ ഗ്രൂപ്പില്‍ അകറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യം കഴിഞ്ഞതിന് ശേഷം ഗ്രൂപ്പ് ലിങ്കുകള്‍ റീവോക്ക് ചെയ്തുവെക്കുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here