രാജ്യം നടുങ്ങിയ ദിനം; പുല്‍വാമയില്‍ പൊലിഞ്ഞത് 40 ജവാന്മാരുടെ ജീവന്‍, നമിച്ച് രാജ്യം

0
228

രാജസ്ഥാന്‍: (www.mediavisionnews.in) രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്. 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചത്. ജെയ്‌ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ആക്രമണത്തിൽ മലയാളി ജവാൻ വി.വി വസന്തകുമാറുൾപ്പടെയുളള 40 സൈനികരുടെ ജീവത്യാഗത്തിന് മുന്നിൽ പ്രണാമർപ്പിക്കുകയാണ് രാജ്യം.

പ്രണയദിനത്തിലെ ഒരു സായന്തനത്തിനാലാണ് ഭൂമിയിലെ സ്വർഗമെന്ന് വാഴ്ത്തപ്പെട്ട താഴ്‌വരയിൽ ഭീകരത താണ്ഡവമാടിയത്. രാജ്യത്തിന് കാവലൊരുക്കുന്ന 40 വീര ജീവൻമാരുടെ ശരീരം ഭീരുക്കളുടെ ചാവേറാക്രമണത്തിൽ ചിതറിത്തെറിച്ചു. ഫെബ്രുവരി 13ന് വൈകിട്ട് 3.15നാണ് ശ്രീനഗറിൽ നിന്ന് 32 കിലോമീറ്റർ ദൂരെ അവന്തിപ്പോരയിലെ ലക്പുരയിൽവെച്ച് സൈനിക വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. 78 ബസ്സുകളിലായി, 2547 സി.ആർ.പിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ദേശീയപാതയുടെ ഒരു വശത്ത് നിന്ന് സ്‌ഫോടന വസ്തുക്കൾ നിറച്ച എസ്‌യുവി ജവാൻമാരുടെ വാഹനത്തിന് നേരെ ഇടിച്ച് കയറ്റുകയായിരുന്നു. നിമിഷ നേരം കൊണ്ട് 49 എഫ് 637 എന്ന നമ്പറുളള ബസ് വെറും ലോഹക്കഷ്ണങ്ങളായി മാറി. ആക്രമണം ആസുത്രണം ചെയ്തത് ജെയ്‌ഷെ മുഹമ്മദ്. മസൂദ് അസർ ജന്മം നൽകിയ ഭീകരസംഘടനയിലെ ആത്മഹത്യ സ്‌ക്വാഡ് അംഗമായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് ഇന്ത്യൻ ജനതയുടെ ഹൃദയം പിളർത്തിയത്. ജെയ്ഷ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദര പുത്രൻ മുഹമ്മദ് ഉമൈറായിരുന്നു ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ. വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാർ ഉൾപ്പടെ 40 വീരപുത്രൻമാർ ജ്വലിക്കുന്ന ഓർമ്മയായി.

ജവാൻമാരുടെ ജീവത്യാഗം വ്യർഥമാകില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ജവാൻമാരുടെ മൃതദ്ദേഹം ചുമലിലേറ്റി രാജ്‌നാഥ് സിങ് രാജ്യത്തിന്റെ ആദരം അറിയിച്ചു. രാഹുൽ ഗാന്ധിയടക്കമുളള പ്രതിപക്ഷ നേതാക്കൾ സൈന്യത്തിനൊപ്പമെന്ന് പ്രഖ്യാപിച്ചു. അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു.

ദുഖവും രോക്ഷവും പ്രകടിപ്പിച്ച രാജ്യം തിരിച്ചടിക്ക് തയ്യാറെടുത്തു. 11 ആം ദിവസം ഇന്ത്യ പകരം വീട്ടി. മിറാഷ് വിമാനങ്ങൾ പാക് അധീന കശ്മീരിന് മുകളിലൂടെ പറന്ന് ജെയ്ഷ ഭീകര കേന്ദ്രങ്ങൾ തരിപ്പണമാക്കി. ബാലാക്കോട്ട, ചകോതി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദിന്റെ കൺട്രോൾ റൂം ഉൾപ്പടെയുളള സ്ഥലങ്ങൾ നാമാവശേഷമായി. ആക്രമണത്തിന് പാക്കിസ്ഥാൻ തന്നെ സ്ഥിരീകരണം നൽകി. മേജർ ജനറൽ ആസിഫ് ഗഫൂർ വ്യോമാക്രമണത്തിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു.

പുൽവാമയിൽ ഉണ്ടായ മുറിവിൽ നിന്ന് ഇപ്പോഴും ചോര കിനിയുന്നുണ്ട്. മറക്കില്ല… പൊറുക്കില്ല… നമ്മൾ…

LEAVE A REPLY

Please enter your comment!
Please enter your name here