യു.എ.ഇയില്‍ നിന്നും 50,000 കോടി രൂപ വെട്ടിച്ച് ഇന്ത്യക്കാര്‍ മുങ്ങി; ഏറെയും മലയാളികള്‍, നിയമനടപടിക്കൊരുങ്ങി ബാങ്കുകള്‍

0
212

ദുബായ്: (www.mediavisionnews.in) വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും വന്‍തുക വെട്ടിച്ചുകടന്ന ഇന്ത്യക്കാരില്‍നിന്ന് പണം ഈടാക്കാന്‍ യു.എ.ഇ.യിലെ പ്രമുഖ ബാങ്കുകള്‍ ഇന്ത്യയില്‍ നിയമനടപടിക്കൊരുങ്ങുന്നു. അഞ്ചുവര്‍ഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് ഇത്തരത്തില്‍ യു.എ.ഇ. ബാങ്കുകള്‍ക്ക് നഷ്ടമായത്. മുങ്ങിയവരില്‍ ഏറെയും മലയാളികളാണ്.

സാമ്പത്തിക ഇടപാടുകളില്‍ യു.എ.ഇ. സിവില്‍ കോടതികളിലെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതിവിധിക്കു തുല്യമാക്കിയ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയാണ് യു.എ.ഇ. ബാങ്കുകളുടെ നീക്കം. ബാങ്കുകള്‍ക്ക് നഷ്ടമായ തുകയില്‍ 70 ശതമാനത്തിലധികവും വന്‍ ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. ക്രെഡിറ്റ് കാര്‍ഡ്, വാഹനവായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലായാണ് ഇരുപത് ശതമാനത്തിലേറെ.

യു.എ.ഇ. ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പത്തോത് 2017-ല്‍ 7.5 ശതമാനമായി ഉയര്‍ന്നിരുന്നു. ചില ബാങ്കുകളുടെ പ്രവര്‍ത്തനം ഇതോടെ പ്രതിസന്ധിയിലായി. ചില ബാങ്കുകളുടെ ലാഭം കുറഞ്ഞു. ഇതോടെ അവ പരസ്പരം ലയിച്ചു.

യു.എ.ഇ.യിലെ വലിയ ബാങ്കുകളായ എമിറേറ്റ്‌സ് എന്‍.ബി.ഡി., അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് ഉള്‍പ്പെടെ ഒമ്പതു ബാങ്കുകളാണ് നിയമനടപടികളുമായി നീങ്ങുന്നത്. ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകള്‍കൂടി ഇവര്‍ക്കൊപ്പം ചേരുമെന്നാണു സൂചന. വന്‍തുക വായ്പയെടുത്ത് ഇന്ത്യയിലേക്കു കടന്ന വലിയ ബിസിനസ് ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനയുണ്ട്.

ഇന്ത്യയില്‍ നിയമനടപടിക്കു നീങ്ങുന്നത് യു.എ.ഇ. ബാങ്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞമാസം ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയതോടെ ഇതിനുള്ള സാധ്യതകള്‍ തുറന്നതായി ബാങ്കിങ് മേഖലയിലെ പ്രമുഖര്‍ സ്ഥിരീകരിക്കുന്നു.

2017-ല്‍ നിഷ്‌ക്രിയ വായ്പകള്‍ 7.5 ശതമാനമായിരുന്നെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്ഥിതി അല്പം മെച്ചപ്പെട്ടു. എങ്കിലും ഒട്ടേറെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച്‌ വന്‍തുക വായ്പയെടുത്ത് മുങ്ങിയവരേറെയുണ്ട്. ബാങ്കുകള്‍ക്ക് നഷ്ടംവരുത്തുക മാത്രമല്ല, ആയിരങ്ങളെ ഇവര്‍ തൊഴില്‍രഹിതരുമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here