‘മുസ്‌ലിങ്ങളെ സംരക്ഷിക്കുക’, ലോകം കാണുന്നുണ്ട്; ദല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്രത്തിനെതിരെ യു.എസ് പാര്‍ലമെന്റംഗങ്ങള്‍

0
214

ന്യൂയോര്‍ക്ക്: (www.mediavisionnews.in) ദല്‍ഹിയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് യു.എസ് പാര്‍ലമെന്റംഗങ്ങളും റിലീജിയസ് ഫ്രീഡം കമ്മിറ്റിയും. യു.എസ് കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയപാല്‍ ആണ് ദല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.

‘മതസ്വാതന്ത്ര്യത്തെ ക്ഷയിപ്പിക്കുന്ന നിയമ സംവിധാനങ്ങളോ, വിവേചനങ്ങളോ വേര്‍തിരിവുകളോ ജനാധിപത്യ സംവിധാനത്തില്‍ സഹിക്കുകയില്ല. ലോകം നിരീക്ഷിക്കുന്നുണ്ട്,’ പ്രമീള ജയപാല്‍ ട്വീറ്റ് ചെയ്തു.

‘ന്യൂദല്‍ഹിയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ അപകടകരമായ രീതിയില്‍ ആള്‍ക്കൂട്ടാക്രമണം നടക്കുകയാണെന്നും മോദി സര്‍ക്കാര്‍ ഈ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാണമെന്നുമാണ് അമേരിക്കയിലെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യു.എസ്.സി.ആര്‍.എഫ്) പ്രസ്താവനയിറക്കിയിരിക്കുന്നത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദ്വിദിന സന്ദര്‍ശനത്തിന് പിന്നാലെയാണ് യു.എസ്.സി.ആര്‍.എഫും ലോ മേക്കേര്‍സും ദല്‍ഹി സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കു നേരെ ഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചു വിട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇന്നലെയും ഇന്നുമായി 17 പേരാണ് കൊല്ലപ്പെട്ടത്.

മുസ്‌ലിങ്ങളെ തെരഞ്ഞ് പിടിച്ച് ആക്രമണം നടത്തുന്നത് നേരത്തെ പുറത്ത് വന്ന ആക്രമത്തിന്റെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ജയ് ശ്രീരാം വിളിച്ചെത്തിയ സംഘം ഇരുമ്പു ദണ്ഡുകള്‍ ഉപോയഗിച്ചാണ് ആക്രമണം നടത്തിയത്.

ഇന്നലെ അര്‍ദ്ധരാത്രി മുസ്തഫാബാദിലെ അക്രമത്തില്‍ ഒരാള്‍ കൂടി മരിച്ചു.56 പൊലീസുകാര്‍ ഉള്‍പ്പെടെ ഇരുനൂറിലേറെപേര്‍ക്ക് പരിക്കുണ്ട്. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.

അതേ സമയം ദല്‍ഹി കലാപത്തെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here